റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയെ സമീപിച്ചു

Spread the love

Picture

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇര സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Kottiyoor rape survivor approaches SC seeking permission to marry accused Robin Vadakkumchery

എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും റോബിന്‍ വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകന്‍ അലക്സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കുഞ്ഞിന് നാല് വയസായി. സ്കൂളില്‍ ചേര്‍ക്കാറായി. അച്ഛന്റെ പേര് അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തണം. അതിനാല്‍ വിവാഹം ആവശ്യമാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇര വ്യക്തമാക്കുന്നു.

സുപ്രീംകോടതിയുടെ മുന്‍വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമക്കേസുകളില്‍ ഒത്തുതീര്‍പ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിന്‍ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. വിവാഹത്തിന് നിയമപരമായ പവിത്രത നല്‍കുന്നത് കേസിലെ പ്രധാനവിഷയത്തില്‍ മുന്‍കൂര്‍ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Author

Leave a Reply

Your email address will not be published. Required fields are marked *