പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച സ്വരാജ് ഗ്രാമികയേയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

Spread the love
അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷൻ പ്ലസ് വൺ തുല്യതാ പരീക്ഷ പൂർത്തിയാക്കിയ അമ്മു കെ എസിനേയും സിനിമാ തിരക്കുകൾക്കിടയിൽ പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച സ്വരാജ് ഗ്രാമികയേയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
                     
പ്രചോദനത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു കെ എസ്. അംഗപരിമിതിയെ മറികടന്ന് സാക്ഷരതാ മിഷൻ പ്ലസ് വൺ തുല്യതാ പരീക്ഷ അമ്മു എഴുതി പൂർത്തിയാക്കിയിരിക്കുകയാണ്. കുറവുകൾ എന്ന് നാം കരുതുന്ന പരിമിതികളെ മികവുകളാക്കി മുന്നേറുന്ന അമ്മുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വെല്ലുവിളികളെ അതിജീവിച്ച് പഠനം തുടരുന്ന അമ്മുവിന്റെ പഠനത്തോടുള്ള താൽപര്യവും അർപ്പണമനോഭാവവും ഏവരേയും ആവേശഭരിതരാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ സിനിമാതാരം സ്വരാജ് ഗ്രാമികയേയും മന്ത്രി വി ശിവൻകുട്ടി ടെലിഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് സ്വരാജ്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സ്വരാജ് സിനിമാ തിരക്കുകൾക്കിടയിലാണ് പഠനത്തിൽ മികച്ച നേട്ടം കൈവരിച്ചത്. മമ്മൂട്ടി നായകനായ പുത്തൻപണം, മഞ്ജുവാര്യർ നായികയായ ഉദാഹരണം സുജാത,ഇന്ദ്രജിത്ത് നായകനായ താക്കോൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് ഈ കിളിമാനൂരുകാരൻ ചെയ്തിട്ടുള്ളത്. ‘നോട്ടീസ് വണ്ടി’ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാർ പുരസ്കാരവും സ്വരാജിന് ലഭിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *