സ്ത്രീ സംരക്ഷണ അവബോധത്തിന് കരുത്തായി സ്ത്രീധന വിരുദ്ധ പ്രചാരണം

Spread the love

post

എറണാകുളം: ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന പെണ്‍മക്കളാണെനിക്ക്. നാളെ അവരുടെ ഭാവി ജീവിതത്തില്‍ എനിക്കും അവര്‍ക്കുമെല്ലാം കരുത്തേകുന്ന കുറേയേറെ പാഠങ്ങളാണ് വെബിനാറില്‍ നിന്ന് തനിക്ക് ലഭിച്ചത് – മുവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ സി ഡി എസ് അംഗവും തൊഴിലുറപ്പ് തൊഴിലാളിവുമായ രമണിയുടെ വാക്കുകളാണിത്. സ്ത്രീധനം പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന വിപത്തായി മാറുന്ന ഇക്കാലത്ത് സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണുള്ളതെന്ന ബോധമാണ് ക്ലാസില്‍ നിന്നു ഞങ്ങള്‍ക്ക് കിട്ടിയത് – കുടുംബശ്രീ അംഗവും തൊഴിലുറപ്പ് തൊഴിലാളിയുമായ ശാന്തി ഹരിഹരന്‍ പിള്ളയുടെ വാക്കുകള്‍.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ലിംഗസമത്വവും സ്ത്രീ സംരക്ഷണ നിയമങ്ങളും എന്ന വെബിനാര്‍ സീരീസില്‍ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയായിരുന്നു രമണിയും ശാന്തിയും. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയും വനിത ശിശു വികസന വകുപ്പും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് ജില്ലയിലും വെബിനാര്‍ സീരീസ് സംഘടിപ്പിച്ചത്. 23 ഭാഗങ്ങളായി സംഘടിപ്പിച്ച വെബിനാറുകളില്‍ ജില്ലയിലെ സിഡിഎസ്, എഡിഎസ്, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കാളികളായി.

2021 ജൂലൈ 17ന് ഹൈക്കോടതി ജഡ്ജും കെല്‍സയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ സി.ടി.രവികുമാറാണ് വെബിനാറിന് തുടക്കമിട്ടത്. തുടര്‍ന്ന് വിവിധ അഭിഭാഷകരുടെ നേതൃത്വത്തിലാണ് വെബിനാര്‍ പുരോഗമിച്ചത്. സ്ത്രീ സംരക്ഷണ നിയമങ്ങള്‍, സ്ത്രീ ശാക്തീകരണം, സ്ത്രീധനം എന്ന വിപത്ത്, ലിംഗ സൗഹൃദ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകളിലായാണ് വെബിനാറുകള്‍ നടന്നത്. സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചാലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയൂ എന്നും വെബിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. എല്ലാ ജില്ലകളിലും ഇത്തരം ബോധവത്കരണ ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് വെബിനാറുകളില്‍ ഉണ്ടാകുന്നതെന്നും ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം.എസ്. ദീപ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *