ഫോണ്‍ കോളില്‍ ഹോം ഡെലിവറിയുമായി കുടുംബശ്രീയുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭം

Spread the love

ഇടുക്കി: ഒറ്റ ഫോണ്‍ വിളിയില്‍ വീട്ടുപടിക്കല്‍ അവശ്യ വസ്തുക്കളെത്തിച്ച് കുടുംബശ്രീ അംഗങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് വ്യത്യസ്ത സേവനവുമായി കുടുംബശ്രീ അംഗങ്ങള്‍ രംഗത്തെത്തിയത്. ആലക്കോട് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 വാര്‍ഡുകളിലെ എ.ഡി.എസുകളേയും കോര്‍ത്തിണക്കി കുടുംബശ്രീ വനിതാ സൂക്ഷ്മ മേഖലാ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങിയത്.

post

ഇതിനായി ഓരോ വാര്‍ഡ് തല എ.ഡി.എസ് കളിലും മൂന്ന് മുതല്‍ ഏഴ് വരെ അംഗങ്ങളാണ് പ്രവര്‍ത്തിക്കുക. ഓരോ പ്രദേശത്തുള്ളവര്‍ക്കും സേവനം ലഭിക്കാന്‍ അതാത് എ.ഡി.എസ്. സംരംഭകരെ വിളിച്ചാല്‍ മതി. വിളിക്കേണ്ട മൊബൈല്‍ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വിളിച്ച്  ഓര്‍ഡര്‍ ചെയ്താല്‍ ഏതാനും സമയത്തിനകം സാധനങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ വീട്ടിലെത്തും. വേഗത്തില്‍ എത്തിക്കുന്നതിന് ഇരുചക്ര വാഹനങ്ങളാണ് സംരംഭകര്‍ ഉപയോഗിക്കുന്നത്. ആലക്കോട് സി.ഡി.എസ്. ഓഫീസാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ബില്ലിന് പുറമേ പത്ത് രൂപാ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കിയാല്‍ മതി.  വാര്‍ഡിലെ പരിചിത മുഖങ്ങളാണ് വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നത് വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ പൊതു വിപണിയില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കും.

കുടുംബശ്രീ വനിതാ അംഗങ്ങള്‍ തയ്യാറാക്കിയ നിരവധി ഉല്‍പ്പന്നങ്ങള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിറ്റഴിക്കാനാവാതെ വന്നിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ പലതും ആവശ്യക്കാരില്ലാതെ വന്നതോടെ തുച്ഛമായ വിലക്ക് വിറ്റഴിക്കുകയോ നശിച്ച് പോകുകയോ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ അംഗങ്ങളെയും വനിതാ സംരഭകരെയും സഹായിക്കുന്നതിനും കൂടുതല്‍ ആളുകളെ കുടുംബശ്രീയിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് ‘ഹലോ കുടുംബശ്രീ’ എന്ന പേരില്‍ ഹോം ഡെലിവറി സംരംഭം തുടങ്ങിയതെന്ന് സംഘാടകര്‍ പറഞ്ഞു. ഇതിലൂടെ നൂറ് വനിതകള്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാകുമെന്നാണ്  പ്രതീക്ഷ. പൊതുവിപണിയില്‍ കിട്ടുന്ന സാധനങ്ങളോടൊപ്പം കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിങ് കൂടി ഹോം ഡെലിവറിയിലൂടെ ലക്ഷ്യമിടുന്നു. ഇതുവഴി കുടുംബശ്രീ വനിതാ സംരഭകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുമാവും.

Author

Leave a Reply

Your email address will not be published. Required fields are marked *