സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം: ആരോഗ്യമന്ത്രി

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും

അടച്ചിടാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കുറേപേര്‍ അത് പാലിച്ചു. എന്നാല്‍ പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

മൂന്നാംതരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍     ഓക്സിജന്‍ കിടക്കകളും ഐ.സി.യു.വും സജ്ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും. പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.

ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരമുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെ.എം.എസ്.സി.എല്‍. ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്. 33 ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും. ഇതില്‍ 9 എണ്ണം പ്രവര്‍ത്തനസജ്ജമായി. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്സിജന്‍ പ്രതിദിനം നിര്‍മ്മിക്കാനുള്ള ഓക്സിജന്‍ ജനറേഷന്‍ സിസ്റ്റം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *