സമരസംഘടനയായി സടകുടഞ്ഞ് കോണ്‍ഗ്രസ് : കെ സുധാകരന്‍ എംപി, കെപിസിസി പ്രസിഡന്റ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്‌കോണ്‍ഗ്രസ്സ്. വ്യത്യസ്തതകളുടെ സംഗമഭൂമിയാണ് ഇന്ത്യ. ഗാന്ധിജിയുടെ ഭാഷ കടമെടുത്താല്‍ നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യ. എണ്ണിയാലൊടുങ്ങാത്ത ഭാഷകള്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍, വിവിധ സംസ്‌കാരങ്ങള്‍, വസ്ത്രധാരണ രീതികള്‍, ഭക്ഷണ രീതികള്‍ തുടങ്ങിയവയാല്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ലോകത്തിന് തന്നെ അത്ഭുതമാണ്. ഏക മതത്തില്‍ അധിഷ്ഠിതമായ രാഷ്ട്രങ്ങളില്‍ പോലും ഭീകരവാദവും തീവ്രവാദവും അസ്വസ്ഥത പടര്‍ത്തുമ്പോള്‍ നമ്മുടെ രാജ്യം വ്യത്യസ്തതകളുടെ കൂടിച്ചേരല്‍ കൊണ്ട് സൗന്ദര്യം തീര്‍ക്കുന്നു. ഇന്ത്യയുടെ മതേതര സൗന്ദര്യം നമുക്ക് അഭിമാനമാണ്.

എന്നാലിന്ന് രാജ്യം തീക്ഷണമായ വേര്‍തിരിവിലൂടെയാണ് കടന്നുപോകുന്നത്. മതപരമായി ജനതയെ ഭിന്നിപ്പിക്കാനും അതുവഴി ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പിന്തുണ നേടാനും ഭൂരിപക്ഷ വര്‍ഗ്ഗീയതയും, ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചൂണ്ടി ന്യൂനപക്ഷങ്ങളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുവാന്‍ മറുഭാഗവും കച്ചകെട്ടിയിറങ്ങുമ്പോള്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് പരമപ്രധാനമാണ്. ഇവിടെയാണ് കോണ്‍ഗ്രസ്സിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.

കോണ്‍ഗ്രസ്സ് ദുര്‍ബലമാകുമ്പോഴാണ് വര്‍ഗ്ഗീയവാദം ശക്തിപ്പെടുന്നത്. കോണ്‍ഗ്രസ്സ് ശക്തിപ്പെടുമ്പോള്‍ ദുര്‍ബലപ്പെടുന്നത് വര്‍ഗ്ഗീയ രാഷ്ട്രീയം തന്നെയാണ്. ഈ തിരിച്ചറിവിലേക്ക് രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ്സിനാവണം. അതിന് കരുത്തുള്ള സംഘടനയായി കോണ്‍ഗ്രസ്സിനെ പുതുക്കിപ്പണിയണം. സംഘടനാ ദൗര്‍ബല്യങ്ങളും കുറവുകളും പരിഹരിക്കണം. വര്‍ഗ്ഗീയതയ്ക്കും ജനവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ പൊരുതി മുന്നേറുന്ന സമര സംഘടനയായി കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണം. കോണ്‍ഗ്രസ്സ്മുക്ത ഭാരതമെന്ന മുദ്രാവാക്യം വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുമ്പോള്‍ മതനിരപേക്ഷ ഇന്ത്യ എന്ന് ഉച്ചത്തില്‍ പറയാന്‍ നമുക്കാവണം. വര്‍ഗ്ഗീയ ഫാസിസ്റ്റ് ഇതര പാര്‍ട്ടികളെ ഒരേ കൊടിക്കീഴില്‍ അണിനിരത്തി രാജ്യത്തിന്റെ പൊതു ശത്രുവിനെ പരാജയപ്പെടുത്താനാവശ്യമായ ദൂരക്കാഴ്ചയുണ്ടാവണം. അതിനാവും വിധം പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തണം. അതുവഴി ഫാസിസ്റ്റ് ഭീകരതയെ അധികാരത്തില്‍ നിന്നും പുറന്തള്ളാനാവണം. ഇതാവണം ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനേയും നയിക്കുന്ന വികാരം.

ശക്തിയാര്‍ജിക്കുക

 

കേരളത്തില്‍ കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത് ഇതു തന്നെയാണ്. ഇന്നലെവരെ അധികാര സ്ഥാനങ്ങള്‍ക്കു മാത്രമായി നേതൃസ്ഥാനങ്ങളിലിരിക്കുന്ന ശീലം ഇനി തുടരാനാവില്ല. നേതൃത്വത്തിനു മുന്നില്‍ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ പ്രവര്‍ത്തിക്കുക, കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മറ്റൊരു ലക്ഷ്യവുമില്ല തുടര്‍ഭരണം നേടിയ സി.പി.ഐ.എം നേതൃത്വം കണക്കുകൂട്ടിയത് കോണ്‍ഗ്രസ്സിന് അധികാരമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു. ഇടതുപക്ഷ ഭരണത്തുടര്‍ച്ചയില്‍ തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്സിനെ ഇവര്‍ സ്വപ്നം കണ്ടു. ഒപ്പം ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടിയതും ഇതേ രാഷ്ട്രീയമായിരുന്നു. ഇരുവരും ചേര്‍ന്ന് വ്യാപകമായ നിലയില്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച പ്രവചിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് തകര്‍ന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നു വരുമെന്ന് ദിവാസ്വപ്നം കണ്ട് എല്‍.ഡി.എഫ് വിജയത്തിന് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ ദിവാസ്വപ്നത്തിന്റെ മുകളിലായിരുന്നു ഒരേ തൂവല്‍ പക്ഷികളെപ്പോലെ സി.പി.എമ്മും ബി.ജെ.പിയും.

എന്നാല്‍ ഇവരുടെ വീക്ഷണം തകര്‍ന്നു വീഴുന്ന രംഗങ്ങള്‍ക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം എ.ഐ.സി.സി കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. പുതിയ നേതൃത്വം കേരളത്തിലെ അനുഭവ സമ്പത്തുള്ള തലമുറയുമായി ആശയവിനിമയം നടത്തി കോണ്‍ഗ്രസ്സിന് പുതിയ മുഖം നല്‍കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പ്രസ്ഥാനത്തെ ജീവസ്സുറ്റതാക്കാന്‍, കുറവുകളും പരിമിതികളും മുറിച്ചു കടന്ന് ബൂത്ത് മുതല്‍ കെ.പി.സി.സി വരെ ചലനാത്മകമാക്കാന്‍ പര്യാപ്തമാവും വിധം പുനരുജ്ജീവനത്തിനുള്ള തീരുമാനങ്ങളും ഇടപെടലുകളും കോണ്‍ഗ്രസ്സിന് ഉണര്‍വ്വേകിയിരിക്കുന്നു. 14 ജില്ലകളില്‍ പുതിയ ജില്ലാ അദ്ധ്യക്ഷന്‍മാര്‍ ചുമതലയേറ്റു. ജില്ലാ പ്രസിഡന്റുമാര്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുമായി ദ്വിദിന ശില്പശാല സമാപിച്ചത് വര്‍ദ്ധിത ആവേശത്തോടു കൂടിയായിരുന്നു.

ക്യാമ്പിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഴുവന്‍ ജില്ലകളിലും നേതൃയോഗങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സംഘടനയില്‍ കാലോചിതമായ പരിഷ്‌കാരം കൈവരുന്നു എന്ന തിരിച്ചറിവ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ്സ് അച്ചടക്കവും ഭാവനാശേഷിയുമുള്ള രാജ്യ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചടുലമായ സംഘടനയായി മാറ്റിയെഴുതപ്പെടുകയാണ്. ആരേയും അനര്‍ഹമായി തള്ളാനോ കൊള്ളോനോ അല്ല ഈ മാറ്റം. കഴിവും പ്രവര്‍ത്തനശേഷിയും അംഗീകാരവുമുള്ള ഒരു നേതൃനിരയെ സൃഷ്ടിച്ചെടുക്കുക എന്നു തന്നെയാണ്. നിലവിലുള്ള രീതികളില്‍ ഘടനാപരവും ഗുണപരവുമായ മാറ്റത്തിലേക്ക് കോണ്‍ഗ്രസ്സ് പുനഃസംഘടിപ്പിക്ക പ്പെടുമ്പോള്‍ ചില അസംതൃപ്തികളും കൊഴിഞ്ഞുപോക്കും സ്വഭാവികം മാത്രം. അതുതന്നെ അടയാളപ്പെടുത്തുന്നത് കോണ്‍ഗ്രസ്സില്‍ സംഭവിക്കാന്‍ പോകുന്ന ഗുണപരമായ മാറ്റത്തെത്തന്നെയാണ്. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ ദൃഢത തന്നെയാണ്. ചിലരെങ്കിലും സ്വപ്നം കാണുന്നുണ്ട്. കോണ്‍ഗ്രസ്സ് ആടിയുലയുമെന്ന്. അവരെല്ലാം നാളെ നിരാശപ്പെടുക തന്നെ ചെയ്യും.

ധീരമായ നിലപാടുകള്‍

അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് കൂടുതല്‍ കരുത്തോടെ സംഘടനയെ മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കില്ലെന്ന ചിന്തയാണ് സിപിഎമ്മിനേയും ബിജെപിയേയും നയിക്കുന്നത്. എന്നാല്‍ ഇവരുടെ കണക്കുകൂട്ടലുകളെ ആകെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിനകം കെ.പി.സി.സി നേതൃത്വത്തിന് കീഴില്‍ നടന്നു കൊണ്ടിരിക്കുന്നത്. ദൗര്‍ബല്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ ധീരമായ നിലപാടുകള്‍ കൈക്കൊണ്ടേ പറ്റൂ. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം സംഘടനയെ സ്നേഹിക്കുന്ന ആരുമായും ചര്‍ച്ചയ്ക്കും സംസാരത്തിനും തയ്യാറാണ്.

കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ വീക്ഷണവും പരിപാടിയും അംഗീകരിക്കുന്ന ആരെയും കോണ്‍ഗ്രസ്സ് ഇരുകൈയും നീട്ടി സ്വീകരിക്കും. കേരളത്തില്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന പുനഃസംഘടനയും ആശയപരമായ കരുത്ത് നേടുന്നതിനുള്ള ശില്പശാലകളും അടിസ്ഥാനഘടകം മുതലുള്ള പുനക്രമീകരണങ്ങളും എല്ലാം വിരല്‍ ചൂണ്ടുന്നത് കോണ്‍ഗ്രസ്സിന്റെ ശക്തമായ തിരിച്ചു വരവിനെയാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന് പ്രഗത്ഭരായ നേതൃനിരയുണ്ട്. ആവശ്യാനുസരണം ഞങ്ങള്‍ ഒന്നിച്ചിരിക്കും. ആശയക്കൈമാറ്റം നടക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സഹിഷ്ണുതയോടെ കേള്‍ക്കാനും ഒന്നായി നിന്ന് പരിഹരിക്കുവാനും സാധിക്കും. ഭിന്നിച്ചു നില്‍ക്കലല്ല കോണ്‍ഗ്രസ്സിന്റെ ശീലം ഒന്നായി നില്‍ക്കുക എന്നതാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ-മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ്. വിശാലമായ മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനമായതിനാല്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം മാത്രമാണ്. എന്നാല്‍ അതിലൂടെ ഒറ്റ തീരുമാനമെടുക്കാനും അത് ഒറ്റ മനസ്സോടെ നടപ്പില്‍ വരുത്താന്‍ സാധിക്കുന്നതുമായ പ്രവര്‍ത്തനശൈലിയാണ് കോണ്‍ഗ്രസ്സിന്റേത്. അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്നവരല്ല കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സില്‍ നിന്ന് വ്യത്യസ്ത കാലങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളിലൂടെ പലരും പുറത്തു പോയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ജീവഹാനി നേരിട്ടിട്ടില്ല, അവരാരും ആക്രമിക്കപ്പെട്ടിട്ടില്ല. അതാണ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം.

പുതിയ തളിരുകള്‍

ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും വഴികളിലൂടെ കോണ്‍ഗ്രസ്സ് മുന്നോട്ടു പോകും. ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് സംഘടനയെ പരിഷ്‌കരിച്ച് ശക്തമായ കോണ്‍ഗ്രസ്സ്-ശക്തമായ രാഷ്ട്രം- ഈ ലക്ഷ്യത്തിലേക്കാണ് യാത്ര. കാത്തിരിക്കാന്‍ നമുക്കിനി സമയമേറെയില്ല. പ്രവര്‍ത്തനപഥത്തിലിറങ്ങുക. ജനമനസ്സുകളില്‍ ഇടം നേടുക. സാമൂഹ്യ-സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക. സാധാരണ മനുഷ്യന്റെ വിയര്‍പ്പിന്റെ ഗന്ധമറിയുക. ജനങ്ങള്‍ക്കിടയില്‍ നിന്നും പുതിയ തളിരുകള്‍ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു വരും. ഫ്ളക്സുകളില്‍ ജീവിക്കുന്ന തലമുറ മാറും. പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും വിട. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വിട. സ്ഥാനമാനത്തിനായുള്ള നെട്ടോട്ടങ്ങള്‍ക്കും വിട.

കോണ്‍ഗ്രസ്സ് സ്വയം തിരുത്തലിന് വിധേയമാവുന്നു. ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും എന്റെ പ്രസ്ഥാനം എന്ന് അഭിമാനിക്കാവുന്ന മാറ്റത്തിലേക്ക് കോണ്‍ഗ്രസ്സ് യാത്ര തുടങ്ങിയിരിക്കുന്നു. ശുഭോതര്‍ക്കമായ മാറ്റത്തിലേക്ക്.

Leave Comment