മയാമി സംഘമിത്രയുടെ നാടകം കുരുത്തി നവംബര്‍ 13 ന് താമ്പായില്‍ അരങ്ങേറ്റം : സജി കരിമ്പന്നൂര്‍

Spread the love

താമ്പാ (ഫ്‌ലോറിഡ) : ഭാവമധുരമായ ആവിഷ്‌കാരത്തിലൂടെ ദൃശ്യചാരുതകള്‍ തീര്‍ക്കുന്ന മയാമി സംഘമിത്രയുടെ പുതിയ നാടകം ‘കുരുത്തി’ നവംബര്‍ 13 ശനിയാഴ്ച താമ്പാ ക്ലാനായ കമ്യൂണിറ്റി സെന്റററില്‍ വച്ച് അരങ്ങേറും .

താമ്പാ ക്ലാനായ കമ്യൂണിറ്റി സെന്റററിനോട് അനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് സെന്റര്‍ കോംപ്ലക്സിന്റെ ധനശേഖരണാര്‍ത്ഥം ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് .

അത്യാധുനിക മാതൃകയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് വരുന്ന ‘സ്‌പോര്‍ട്‌സ് സെന്റര്‍’ ഫ്‌ലോറിഡായിലെന്നല്ല അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം തന്നെ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റോമി മ്യാല്‍ക്കരപ്പുറത്ത്, പ്രസിഡന്റ് സജി കടിയംപള്ളില്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു .

കൂടാതെ നവംബര്‍ 13 ന് നടക്കുന്ന നാടകത്തോടനുബന്ധിച്ച് തികച്ചും സൗജന്യമായി ക്ലാനായ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാംഘട്ടമായ ‘ബൂസ്റ്റര്‍ ഡോസ്’ ആവശ്യമായ എല്ലാവര്‍ക്കും നല്‍കുന്നതാണ് . പ്രസ്തുത ക്രമീകരണങ്ങള്‍ സെന്ററിനോടനുബന്ധിച്ചുള്ള മെഡിക്കല്‍ ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട് . ഒരു മെഡിക്കല്‍ വിദഗ്ധ സംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചു വരുന്നു .

ചാരിറ്റിയില്‍ ഊന്നിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മയാമി സംഘമിത്രയുടെ ചാലകശക്തി എന്ന് വിശേഷിക്കപ്പെടുന്നത് വേറിട്ട ദൃശ്യാനുഭവങ്ങളും അവതരണത്തിലെ പുതുമകളും സംഘമിത്രയുടെ എക്കാലത്തെയും പ്രത്യേകതകളാണ് .

അക്രമരാഷ്ട്രീയം അഴിഞ്ഞാടുമ്പോള്‍ അനാഥമാക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഈ നാടകത്തിന്റെ ഇതിവൃത്തം .

കലയെയും കലാകാരന്മാരെയും എക്കാലത്തും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന സംഘമിത്രയുടെ ഈ നാടകത്തില്‍ ഇരുപതോളം കലാകാരന്മാര്‍ വേഷപ്പകര്‍ച്ച പങ്കിടുന്നു . അത്രയും തന്നെ കലാകാരന്മാര്‍ അണിയറയില്‍ രംഗ സജ്ജീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു .

സിനിമാസ്‌കോപ്പ് മാതൃകയില്‍ ലേറ്റസ്‌റ് മെഗാ എല്‍.ഇ.ഡി സ്‌ക്രീന്‍ ഉപയോഗിച്ചാണ് നാടകം വേദിയില്‍ അവതരിപ്പിക്കുന്നത് .

പ്രശസ്ത നാടക രചയിതാവ് ഹേമന്ദകുമാര്‍ രചനയും , നോയല്‍ മാത്യു സംവിധാനവും നിര്‍വഹിച്ചിട്ടുള്ള ഈ കലാവിരുന്നിന്റെ സാരഥി ജോയ് കുറ്റിയാനിയാണ് കൂടാതെ സിക്രട്ടറി ബാബു കല്ലിടുക്കില്‍ , ട്രഷറര്‍ ഉല്ലാസ് കുര്യാക്കോസ് തുടങ്ങി കലാസാഹിത്യ പ്രേമികളുടെ ബൃഹത്തായ കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നു .

ഇതിനോടകം സംഘമിത്ര അഞ്ച് നാടകങ്ങളാണ് വേദിയില്‍ അവതരിപ്പിച്ച് കഴിഞ്ഞിട്ടുള്ളത് . ‘കുരുത്തി’ എന്ന ഈ നാടകത്തില്‍ നിന്നും ലഭിച്ച തുക കൊണ്ട് കേരളത്തിലെ പ്രശസ്തമായ ഒരു നാടകസമിതിയിലെ കലാകാരന്റെ കുടുംബത്തിന് അതിമനോഹരമായ ഒരു ഭവനം നിര്‍മ്മിച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു .

പ്രസ്തുത വീടിന്റെ താക്കോല്‍ ദാനം നവംബര്‍ 6 ശനിയാഴ്ച ഇന്ത്യന്‍ സമയം 3 മണിക്ക് അഭിവന്ദ്യ പാലാ രൂപത
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കേരളത്തിലെ പാലായില്‍ വച്ച് നിര്‍വഹിക്കുന്നതായിരിക്കും .

ഈ നാടക വിരുന്നിലേക്ക് എല്ലാ കലാസ്‌നേഹികളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

Author

Leave a Reply

Your email address will not be published. Required fields are marked *