ശബരിമലയിലേക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Spread the love

post

പത്തനംതിട്ട: തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈമാസം 12നകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ശബരിമല റോഡുകളുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കുമെന്നും പത്തനംതിട്ടയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മന്ത്രി അറിയിച്ചു.
2022 ജനുവരി 15 മുതല്‍ മേയ് 15വരെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പ്രത്യേക വര്‍ക്കിംഗ് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും. പ്രധാന തീര്‍ഥാടന പാതയായ പുനലൂര്‍-മൂവാറ്റുപുഴ റോഡ്, പുനലൂര്‍-കോന്നി ,കോന്നി – പ്ലാച്ചേരി റീച്ച് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ തീര്‍ഥാടന കാലത്ത് തന്നെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.മഴ ടാറിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. എങ്കിലും തീര്‍ഥാടന പാതയായ മണ്ണാറക്കുളത്തി- ചാലക്കയം പാതയും റാന്നി ചെറുകോല്‍പ്പുഴ തിരുവാഭരണ പാതയും അടിയന്തരമായി ഗതാഗത യോഗ്യമാക്കും. എല്ലാ റോഡുകളുടെയും വശങ്ങളിലെ കാട് നീക്കം ചെയ്യും. കാഴ്ച മറയ്ക്കുന്ന എല്ലാ തടസങ്ങളും മാറ്റാനും മന്ത്രി നിര്‍ദേശിച്ചു.സംസ്ഥാനത്തെ റോഡുകളിലെ ഓട നിര്‍മാണം ശാസ്ത്രീയമായി വിശകലനം ചെയ്യും. എന്‍.എച്ചുകളിലെ പ്രവൃത്തികള്‍ അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ 153 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മികച്ച രീതിയില്‍ ഉപയോഗപ്രദമാക്കുമെന്നും ഈ വര്‍ഷം സൗകര്യപ്രദമായ യാത്ര ശബരിമല തീര്‍ഥാടകര്‍ക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റോ ആന്റണി എംപി, ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി എസ്. സുഹാസ്, എഡിഎം അലക്‌സ് പി. തോമസ്, പിഡബ്ല്യുഡി റോഡ്സ് ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമല പാത ഉള്‍പ്പെടുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് നവീകരണ പ്രവൃത്തികളാണ് യോഗം വിലയിരുത്തിയത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *