സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും: മന്ത്രി വീണാ ജോര്‍ജ്

Spread the love

30 വയസ് കഴിഞ്ഞവരില്‍ ജീവിതശൈലി രോഗ നിര്‍ണയ സര്‍വേ

നവംബര്‍ 14 ലോക പ്രമേഹ ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദര്‍ശിച്ച് 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണ്. ഈ ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ ഹെല്‍ത്തിന്റെ സഹായത്തോടുകൂടി വികസിപ്പിച്ച് വരികയാണ്. ഇങ്ങനെ ഓരോ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ക്രോഡീകരിച്ച് കേരളത്തിന്റേതായ ഒരു ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര സര്‍വേയായിരിക്കുമിത്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും രോഗം കണ്ടെത്തിയവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ഒരു സമഗ്രമായ ജീവിതശൈലി രോഗ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സര്‍വേ നടത്തുന്നത്. പ്രമേഹം, രക്താതിമര്‍ദ്ദം, സി.ഒ.പി.ഡി. തുടങ്ങിയ രോഗങ്ങളും ഓറല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, സര്‍വൈക്കല്‍ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടേയും നിര്‍ണയമാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും അവരില്‍ ഒരു പുതിയ ജീവിതചര്യ സൃഷ്ടിക്കുന്നതിനും ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു. ഈ സര്‍വേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികള്‍ക്കും മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ഇതുവരെ രോഗനിര്‍ണയം നടത്തിയിട്ടില്ലാത്ത ജനങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിനും അതിലൂടെ പുതിയ രോഗികളെ നേരത്തെ കണ്ടെത്തുന്നതിനും ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു.

‘പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് അമൃതം ആരോഗ്യം, നയനാമൃതം, പാദസ്പര്‍ശം തുടങ്ങിയ നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്. അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക, ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഏകദേശം 1.27 കോടിയോളം ജനങ്ങളെ ഈ പദ്ധതിയുടെ കീഴില്‍ സ്‌ക്രീനിങ് നടത്തുകയും ഒമ്പത് ലക്ഷത്തോളം പ്രമേഹ രോഗികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ രോഗികള്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നതിനും അമൃതം ആരോഗ്യം പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈ ക്യാമ്പയിന്റെ ഭാഗമായി ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നവംബര്‍ 16ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *