ഉത്തര മലബാറിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ നിരവധി പദ്ധതികള്‍

Spread the love

കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 53.07 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ബോട്ട് ടെര്‍മിനലുകള്‍, വാക്ക് വേ തുടങ്ങിയവയാണ് പദ്ധതിയില്‍ ഒരുങ്ങുന്നത്. 13 പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. രണ്ട് പദ്ധതികളുടെ പൈലിംഗ് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.ഇതില്‍ പറശ്ശിനിക്കടവ് മുതല്‍ പഴയങ്ങാടി വരെയുള്ള ആദ്യ ക്രൂസ് റൂട്ടിന്റെയും ബോട്ട് ടെര്‍മിനലുകളുടെയും വാക്ക് വേകളുടെയും നിര്‍മാണമാണ് പൂര്‍ത്തിയായത്. പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ഏഴരക്കോടിയോളം രൂപ ചെലവിട്ടാണ് പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചത്. 4.88 കോടി രൂപ ചെലവഴിച്ച് 47 ബെഞ്ചുകള്‍ ഉള്‍പ്പെടെ വിശാലമായ ഇരിപ്പിട സൗകര്യങ്ങളോടെയാണ് മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പറശ്ശിനി മഠപ്പുര ക്ഷേത്ര പരിസരത്ത് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. പഴയങ്ങാടി ബോട്ട് ടെര്‍മിനലിന് 3 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 100 മീറ്റര്‍ നീളവും 40 മീറ്ററില്‍ നടപാതയും, 60 മീറ്ററില്‍ 4 ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെര്‍മലിന് ഉണ്ട്. ഇതോടൊപ്പം സോളര്‍ ലൈറ്റുകള്‍, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്. കരിങ്കല്‍ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയില്‍ നിര്‍മ്മിച്ച മേല്‍ക്കൂരയും ടെര്‍മിനലിനെ ആകര്‍ഷകമാക്കുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം രണ്ടാം ഘട്ട പദ്ധതിയില്‍ കല്യാശ്ശേരിയില്‍ മംഗലശ്ശേരി, കോട്ടക്കീല്‍പ്പാലം, താവം, പയങ്ങോട്, മുട്ടില്‍, വാടിക്കല്‍, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, മടക്കര എന്നിവിടങ്ങളില്‍ മിനി ബോട്ട് ടെര്‍മിനലും, മാട്ടൂല്‍ തെക്കുമ്പാട് ബോട്ട് ടെര്‍മിനലും പട്ടുവം മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡില്‍ നടപ്പാതയും നിര്‍മ്മിക്കും.
നിരവധി വെല്ലുവിളികളെ അതിജീവിച്ച് ടൂറിസം മേഖല വലിയ മുന്നേറ്റം നടത്തുന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരി വന്നത്. തുടര്‍ന്ന് 25,000 കോടി രൂപയുടെ നഷ്ടം ഈ മേഖലയിലുണ്ടായി. അതോടൊപ്പം വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും സംഭവിച്ചു. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് ടൂറിസം.
അതുകൊണ്ടാണ് അതിജീവനത്തിനുള്ള പോരാട്ടത്തിനിടയിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് കാലത്തെ അതിജീവിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകും. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പദ്ധതികള്‍ സഹായകരമാകും. പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെ തന്നെ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *