ടെക്‌സസിലും ആദ്യ ഒമിക്രോണ്‍ വേരിയന്റ് സാന്നിധ്യം കണ്ടെത്തി

ഹൂസ്റ്റണ്‍: ടെക്‌സസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോര്‍ത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയില്‍ കണ്ടെത്തിയതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസും, കൗണ്ടി ജഡ്ജ് ലിന ഹില്‍ഡല്‍ഗോയും അറിയിച്ചു. ഡിസംബര്‍ ആറിനു തിങ്കളാഴ്ച വൈകിട്ടാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

നാല്‍പ്പത് വയസ് പ്രായമുള്ള പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്ത സ്ത്രീയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെങ്കിലും കോവിഡ് 19-ന്റെ പൊതുവായ ചില രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

സ്ത്രീ വീടിനു സമീപമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് യാത്രചെയ്തിട്ടുള്ളതെന്നും, പുറത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും പറയുന്നു. ഇവര്‍ താമസിക്കുന്ന കമ്യൂണിറ്റിയില്‍ നിന്നുമായിരിക്കാം വൈറസ് കടന്നുകൂടിയതെന്നും കരുതുന്നു.

ആദ്യം ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം വളരെ ശക്തിയുള്ളതാണെന്നു പറഞ്ഞിരുന്നുവെങ്കിലും, ഡെല്‍റ്റ് വേരിയന്റിനേക്കാള്‍ രോഗവ്യാപന ശക്തിയുള്ളതാണോ എന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്‌സസ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 6 വരെ ടെക്‌സസിലെ 254 കൗണ്ടികളില്‍ 3.6 മില്യന്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയില്‍ ഒമിക്രോണ്‍ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഡിസംബര്‍ ഒന്നിന് കലിഫോര്‍ണിയയിലാണ്. തുടര്‍ന്ന് ന്യൂയോര്‍ക്ക്, മിനസോട്ട തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Leave Comment