കോണ്‍ഗ്രസ് ഉണരുന്നു, സി.പി.എം. ഉലയുന്നു : കെ.സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റ്

Spread the love

പ്രതീക്ഷയറ്റ് നിശ്ചലാവസ്ഥയില്‍ കിടക്കുന്ന സംഘടനക്ക് പുത്തനുണര്‍വ്വ് നല്‍കുക, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, അടിത്തട്ട് വരെ ചലനാത്മകമാക്കുക. കാലോചിതമായി നവീകരിക്കുക, കോണ്‍ഗ്രസ്സിന്റെ പുതിയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന ശ്രമകരമായ ലക്ഷ്യം ഇവയായിരുന്നു. തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം പുതിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയ്യാറാക്കി. പുനഃസംഘടനയോടെ നവീകരണത്തിന് തുടക്കം കുറിച്ചു. ബൂത്തുകള്‍ക്കു താഴെ കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുക, ഇതിനായി ബൃഹത്തായ പരിശീലന പദ്ധതിക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ തുടക്കമിട്ടു.

ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്മാരുടെ പുനഃസംഘന പൂര്‍ത്തിയായി. കെ.പി.സി.സി.യുടെ ജംബോ കമ്മിറ്റികള്‍ മാറി, കോണ്‍ഗ്രസ്സിന്റെ മുഖഛായ തന്നെ മാറ്റി. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനാ ചുമതലകള്‍ നിര്‍ണ്ണയിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ്, ഡി.സി.സി. പുനഃസംഘന എന്നിവ നടക്കാനിരിക്കുന്നു. സമയബന്ധിതമായി കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതി നടക്കുന്നു. സംസ്ഥാന കോണ്‍ഗ്രസ്സ് പുനഃസംഘടനയില്‍ കൊടുങ്കാറ്റും പൊട്ടിത്തെറിയും പ്രതീക്ഷിച്ച് രക്തഹാരവുമായി കാത്തു നിന്നവര്‍ക്ക് നിരാശ മാത്രം മിച്ചം. രാഷ്ട്രീയ കേരളം വിസ്മയത്തോടെയാണ് കോണ്‍ഗ്രസ്സില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ നോക്കിക്കണ്ടത്.

നിയമസഭ, ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാനും ഭരണകൂടത്തിന്റെ അഴിമതിയേയും കെടുകാര്യസ്ഥതയേയും തുറന്നു കാണിക്കാനുമുള്ള ജനാധിപത്യ സമരകേന്ദ്രമാണ്. നിയമനിര്‍മ്മാണത്തില്‍ പ്രതിപക്ഷ കടമയെന്ത് എന്ന തികഞ്ഞ ബോദ്ധ്യത്തോടെ ജനാഭിലാഷത്തിനും ശരിക്കു വേണ്ടിയും നിലയുറപ്പിക്കുക. നിയമസഭാ സാമാജികര്‍ക്കുള്ള നിയമപരമായ പരിരക്ഷക്കകത്തു നിന്ന് ജനങ്ങളുടെ നാവായി മാറുക. കേരള നിയമസഭയില്‍ പ്രതിപക്ഷം ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ക്രിയാത്മ നിര്‍ദ്ദേശങ്ങള്‍, തിരുത്തലുകള്‍, അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്, കാര്‍ക്കശ്യം, പ്രതിപക്ഷം ശരിയായ ദിശയിലൂടെ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ അംഗീകാരം നേടി മുന്നോട്ടു പോകുന്നു. ഇടതുപക്ഷം ജനദ്രോഹത്തിന്റെ മുഖം പുറത്തെടുത്തപ്പോഴെല്ലാം പ്രതിപക്ഷം ജ്വലിച്ചു നിന്നിട്ടുണ്ട്. സ്പീക്കറുടെ ഡയസ് തകര്‍ത്ത്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിച്ച്, നിയമസഭയുടെ പരിപാവനതയ്ക്ക് കളങ്കം വരുത്തിയല്ല പ്രതിപക്ഷ നിര തിളങ്ങി നിന്നത്. മറിച്ച് നിയമസഭാ ചട്ടങ്ങള്‍ പഠിച്ചും കാലിക വിഷയങ്ങള്‍ ഹൃദിസ്ഥമാക്കിയും ഭരണകൂട നെറികേടുകളെ ജനാധിപത്യപരമായി ചോദ്യം ചെയ്തുമാണ് പ്രതിപക്ഷ മുഖങ്ങള്‍ വെളിച്ചമായത്.
സമരോത്സുകമാകുന്ന കോണ്‍ഗ്രസ്സിന്റെ പുതിയ മുഖമാണിത്. ഇടതുപക്ഷം ജനപക്ഷമല്ലെന്നും ജനവിരുദ്ധതയാണ് അവരുടെ മുഖമുദ്രയെന്നും കേരളം ഇതിനകം തിരിച്ചറിഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്സ് നടത്തിയ സമരം ജനം ഏറ്റെടുത്തു. ജനമുന്നേറ്റത്തില്‍, വിലക്കയറ്റത്തിനെതിരായ ജനകീയ കൂട്ടായ്മയില്‍ അമ്പരന്ന മോദിയും കൂട്ടരും ഇന്ധന നികുതി കുറക്കാന്‍ നിര്‍ബന്ധിതമായി. ജനങ്ങള്‍ക്ക് അല്പം കൂടി ആശ്വാസം ലഭിക്കാന്‍, 24 സംസ്ഥാനങ്ങള്‍ ഇന്ധനവിലയില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിനത്തില്‍ ഇളവ് പ്രഖ്യാപിച്ചു. എന്നാല്‍ പിണറായി വിജയന്റെ കേരളം മാത്രം അധിക നികുതി വരുമാനത്തില്‍ ഒരു പൈസ പോലും കുറക്കാതെ കേരളത്തെ പരിഹസിച്ചു. വെല്ലുവിളിച്ചു. മാത്രമല്ല, കോവിഡിയില്‍ തളര്‍ന്ന് കിടക്കുന്ന ജനങ്ങളെ പിഴിഞ്ഞ് കോടികള്‍ സംസ്ഥാന ഖജനാവിലേക്ക് ജനങ്ങളുടെ പോക്കറ്റടിച്ച മുഖ്യനായി കേരള മുഖ്യമന്ത്രിയും ഭരണവും മാറി. എണ്ണവില കുതിക്കുമ്പോള്‍ നികുതി വരുമാനത്തില്‍ ആഹ്ലാദം കൊള്ളുന്നവര്‍ മറുഭാഗത്ത് ആശ്രിത നിയമനം, ബന്ധു നിയമനം, തീവെട്ടിക്കൊള്ളകള്‍, സ്ത്രീ പീഢനങ്ങള്‍, പോലീസ് അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയിലാണ് ഊറ്റം കൊള്ളുന്നത്.
സി.പി.എം. നേതാക്കന്മാര്‍ കൊലക്കേസ്സുകളില്‍ ജയിലുകളിലേക്ക് യാത്രയാണ്. ചോരക്കൊതി മാറാത്തവര്‍ ഇന്നും കഠാര മുനകളുമായി ഇരുളില്‍ മറഞ്ഞിരിപ്പുണ്ട്. ഇരട്ടക്കൊലയും 51 വെട്ടും ശീലമാക്കിയവര്‍. അവര്‍ പരസ്പരം കൊല്ലപ്പെട്ടവരുടെ കണക്ക് പറഞ്ഞ് വെല്ലുവിളി നടത്തുന്നു. കേരളം ഒരിക്കലും കഠാര രാഷ്ട്രീയം ആഗ്രഹിക്കുന്നില്ല. ചോരപുരണ്ട രാഷ്ട്രീയത്തോട് ‘കടക്കു പുറത്ത്’ എന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന ജനതയാണ് മലയാളക്കരയുടെ കരുത്ത്.
ഭരണത്തുടര്‍ച്ചയ്ക്കായ് വോട്ടു ചെയ്തവര്‍ ഇന്ന് തീര്‍ത്തും നിരാശരാണ്. ജനദ്രോഹ ഭരണവുമായി യാതൊരു സന്ധിക്കും യു.ഡി.എഫ് ഇല്ല. കേരളത്തിന്റെ തെരുവുകള്‍ പ്രതിഷേധത്തിന്റെ കനലേറ്റ് ചുവക്കുകയാണ്. മൊഫീനയുടെ ഘാതകരെ ജനം തെരുവിലിറങ്ങി വിചാരണ ചെയ്തപ്പോള്‍, ഇതൊരു പ്രത്യേക പാര്‍ട്ടിയാണെന്ന് പറഞ്ഞ് അഹങ്കരിച്ചു നടന്നവര്‍ക്ക് മുട്ടു മടക്കേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് ആലസ്യം വിട്ടുണരുന്നു. സമരസജജ്ജമാവുന്നു. നിങ്ങളിലൊളിഞ്ഞിരിക്കുന്ന കാപട്യം ഇനിയും ഒളിച്ചു വെക്കാനാവില്ല. ഇടതുപക്ഷത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയെറിയുന്ന പ്രോജ്വലമായ പോരാട്ടങ്ങള്‍ക്ക് കേരളം കാതോര്‍ക്കുന്നു.
എ.ഐ.സി.സി.യുടെ തീരുമാനപ്രകാരം രാജ്യത്തെമ്പാടും നടന്നു വരുന്ന ജനജാഗരണ്‍ അഭിയാന്‍ പദയാത്രകള്‍ കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണ് വിളിച്ചോതുന്നത്. കെ.പി.സി.സി. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകുന്ന വര്‍ദ്ധിച്ച ജനസഞ്ചയമാണ് ജില്ലകളില്‍ ഒഴുകിയെത്തുന്നത്. പദയാത്രകള്‍ പലയിടങ്ങളിലും ജനസാഗരമായി. പ്രവര്‍ത്തകരുടെ മനോഭാവം മാറി. ആത്മവിശ്വാസത്തിന്റെ നിറുകയിലാണവര്‍. കോണ്‍ഗ്രസ്സ് എന്റെ അഭിമാനമാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. ആകാശം മുട്ടെ മുഷ്ടികളുയരുന്നു. മുദ്രാവാക്യങ്ങളാല്‍ കേരളം സമരമുഖരിതമാവുന്നു. കോണ്‍ഗ്രസ്സ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നെഴുന്നേല്‍ക്കുന്നു. മാറുന്ന കോണ്‍ഗ്രസ്സ്.
സി.പി.എം.ന് സമ്മേളന കാലമാണിപ്പോള്‍. ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് വരെ. കേഡര്‍ പാര്‍ട്ടി എന്ന് അഹങ്കാരം കൊണ്ടിരുന്ന സി.പി.എമ്മി
നകത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ ഗുരുതരമാണ്.
സംഘര്‍ഷം, ഇറങ്ങിപ്പോക്ക്, കൂട്ടയടി, സസ്പെന്‍ഷന്‍, പുറത്താക്കല്‍, ബദല്‍ പാനലുകള്‍ തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമായിരിക്കുന്ന പുതിയ കാലത്തെ സമ്മേളനങ്ങള്‍. പല സമ്മേളനങ്ങളും പാതിവഴിയില്‍ നിര്‍ത്തി വെക്കേണ്ടി വന്നു. ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് തലസ്ഥാനം എന്നു വിളിക്കുന്ന കണ്ണൂരില്‍ സിറ്റിയിലും തളിപ്പറമ്പിലും സഖാക്കള്‍ തന്നെ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയി. പാര്‍ട്ടി ഓഫീസുകളില്‍ കരിങ്കൊടി, പോസ്റ്റര്‍, പ്രതിഷേധ ബാനര്‍, പ്രതിഷേധ പ്രകടനം, കേഡര്‍ പാര്‍ട്ടിയുടെ അടിവേരിളക്കുന്നു. പലരും സി.പി.ഐ.യിലേക്ക് പാലായനം ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്രയോ മണ്ഡലങ്ങളില്‍
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ നേതൃത്വം തന്നെ ഇടപെട്ടു എന്ന് സി.പി.എം. അന്വേഷണ കമ്മീഷനുകള്‍ ബോദ്ധ്യപ്പെടുത്തുന്നു. വര്‍ക്കല സമ്മേളനത്തില്‍ കൂട്ടയടി നടന്ന് 4 പ്രതിനിധികള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ പല സമ്മേളനങ്ങളും സംഘര്‍ഷത്തിലാണ് അവസാനിച്ചത്. കോണ്‍ഗ്രസ്സ് പോരായ്മകളില്‍ നിന്നും നവീകരണത്തിലേക്ക് മുന്നേറുമ്പോള്‍,
സി.പി.എം. കേഡര്‍ സംവിധാനത്തില്‍ നിന്നും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് പിന്നോട്ട് നടക്കുകയാണ്. കോണ്‍ഗ്രസ്സ് ഉണരുന്നു. സി.പി.എം. ഉലയുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *