പിജി വിദ്യാര്‍ത്ഥികളുടെ സമരം: ചര്‍ച്ചയിലെ ആവശ്യം നടപ്പിലാക്കി: മന്ത്രി വീണാ ജോര്‍ജ്

Spread the love

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം അവസാനിപ്പിക്കണം

തിരുവനന്തപുരം: സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്. മുമ്പും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ആദ്യ സമരത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ്.ആര്‍. ആയി നല്‍കി. പി.എച്ച്.സി., എഫ്.എച്ച്.സി, എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ത്ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്‌റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട്.

ഇപ്പോഴത്തെ സമരത്തില്‍ അവര്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. രണ്ടാമതായി അവര്‍ ഉന്നയിച്ച ആവശ്യം ജോലിഭാരം കുറയ്ക്കുക എന്നതാണ്. ഇതിനായി ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഏഴ് മെഡിക്കല്‍ കോളേജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്.

ആറ്, ഏഴ് തീയതികളില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആ ചര്‍ച്ചയില്‍ പ്രതിനിധികള്‍ സംതൃപ്തരായിരുന്നു. അവര്‍ സമരം അവസാനിപ്പിക്കാനും തയാറായി. എന്നാല്‍ ഇപ്പോഴത്തെ സമരത്തിനായി നോട്ടീസ് നല്‍കിയത് ആദ്യം വന്ന പ്രതിനിധികള്‍ ആയിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല.

പിജി ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രിന്‍സിപ്പല്‍മാരുമായി സംസാരിച്ചു. ഇത്തരം നടപടികള്‍ പാടില്ലെന്നും സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരാലംബരും സാധാരണക്കാരുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെത്തുന്നത്. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അസി. പ്രൊഫസര്‍മാര്‍, അസോ. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ അധിക സേവനം അതത് മെഡിക്കല്‍ കോളേജുകള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *