കോട്ടയം: പാലാ നഗരസഭയുടെ വിശപ്പുരഹിത നഗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വഹിച്ചു. നഗരസഭയിലെ നിലവിലുണ്ടായിരുന്ന ക്യാന്റീനാണ് ജനകീയ ഹോട്ടലാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഹോട്ടലിന്റെ ചുമതല.
പ്രഭാത ഭക്ഷണമുള്‍പ്പെടെ ഇവിടെ ലഭ്യമാണ്. 20 രൂപയ്ക്ക് ഊണ്, അഞ്ചു രൂപ നിരക്കില്‍ ദോശ, ഇഡലി എന്നിവയും കുറഞ്ഞ നിരക്കില്‍ ചായ, കാപ്പി, സ്‌നാക്‌സ് എന്നിവയും ലഭിക്കും.
ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ആദ്യ ജനകീയ ഭക്ഷണശാലയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ ഹോട്ടലിന് തുടക്കമിട്ടിരിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷയായി. കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment