സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌ക്കരിക്കുയോ വേണം: ബാലാവകാശ കമ്മീഷൻ

കുട്ടികളുൾപ്പെടെയുള്ള സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌ക്കരിക്കുയോ ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും കമ്മീഷൻ നിർദ്ദേശം നൽകി. നടപടികൾക്ക് കാലതാമസം വന്നാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. ഗതാഗത, ആഭ്യന്തരവകുപ്പ് സെക്രട്ടറിമാർ സംസ്ഥാന പോലീസ് മേധാവി ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവർ ഇതിനു നടപടിസ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തത്തിയാകണം ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കേണ്ടത്. രാത്രി സൈക്കിൾ യാത്ര നടത്തുന്നവർ സൈക്കിളിൽ റിഫ്‌ളക്ടറുകൾ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഹെൽമറ്റ്, റിഫ്‌ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിത വേഗത്തിലുള്ളയാത്രകൾ നിയന്ത്രിക്കണം. സൈക്കിൾ പൂർണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം തുടങ്ങിയ കാര്യങ്ങൾ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തണം.
ദേശീയ പാതകളിലും മറ്റു റോഡുകളിലും സൈക്കിൾ യാത്രക്ക് പ്രതേ്യക ഭാഗം അടയാളപ്പെടുത്തി ട്രാക്ക് സ്ഥാപിക്കണം. സൈക്കിൾ യാത്രയെകുറിച്ചും സൈക്കിൾ യാത്രക്കാർ പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ചും വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനും ശരിയായി പരിശീലനം നൽകുന്നതിനും നടപടിയെടുക്കണം. ട്രാഫിക് പോലീസ് ഉദേ്യാഗസ്ഥരെ സ്‌കൂളുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലേയും വൈകുന്നേരവും ഡ്യൂട്ടിക്ക് പതിവായി നിയോഗിക്കണം. പോലീസ് മൊബൈൽ പട്രോളിംഗും ബൈക്ക് പട്രോളിംഗും സ്‌കൂൾ സോൺ റോഡുകളിൽ സ്ഥിരമായി ക്രമീകരിക്കാനും നടപടി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ നൽകാനും കമ്മീഷൻ നിർദേശിച്ചു.
റോഡിൽ സൈക്കിൾ യാത്രക്കാരടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോർ വാഹന റഗുലേഷൻ കർശനമായി നടപ്പാക്കണം. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ചട്ടങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുള്ളതിനാൽ ഇതിനനുസൃതമായി ചട്ടങ്ങൾ കൊണ്ടുവരുകയോ കേരള മോട്ടോർ വാഹന ചട്ടങ്ങൾ പരിഷ്‌ക്കരിക്കുകയോ ചെയ്യണം.
സൈക്കിൾ യാത്രക്കാരായ കുട്ടികൾ സൈക്കിൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളെയും സംബന്ധിച്ച് വിവിധ വകുപ്പുകൾ ബോധവൽക്കരണ ക്ലാസുകൾ നടത്തി പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ കുട്ടികളെ സജ്ജരാക്കണം. ഇതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ട്രാൻസ് പോർട്ട് വകുപ്പ് എന്നിവർ സ്വീകരിക്കണം.
സൈക്കിൾ അപകടങ്ങൾ സംസ്ഥാനത്ത് തുടരുന്നതായും ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തക സുനന്ദ കമ്മീഷന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Leave Comment