വാട്ടര്‍ അതോറിറ്റിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണം : തമ്പാനൂര്‍ രവി

Spread the love

വാട്ടര്‍ ആതോറിറ്റിയില്‍ ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി ശേഷം ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍ നടപ്പാക്കുന്നത്. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള പരിഷ്‌ക്കരണം 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈ മാസത്തില്‍ വാട്ടര്‍ ആതോറിറ്റിയിലെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ധനകാര്യമന്ത്രി ഫയല്‍ തിരിച്ചയച്ചിരിക്കുകയാണ്.

പബ്ലിക്ക് യൂട്ടിലിറ്റി സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റി ലാഭനഷ്ടകണക്ക് നോക്കി പ്രവര്‍ത്തിക്കുന്നതല്ല. നോണ്‍ പ്ലാന്‍ ഗ്രാന്റായി 320 കോടിയാണ് വാട്ടര്‍ അതോറിറ്റിക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. എന്നാലത് തവണകളായിട്ടാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ 90 കോടി നിലവില്‍ കിട്ടാനുണ്ട് എന്നതാണ് വസ്തുത. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷം അഡീഷണല്‍ ഗ്രാന്റ് വരെ നല്‍കിയിരുന്നിടത്താണ് ഈ അവസ്ഥ. അതിനാല്‍ ബജറ്റില്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കി വരുന്ന നോണ്‍ പ്ലാന്‍ ഗ്രാന്റ് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

ശമ്പളപരിഷ്‌ക്കരണത്തിന് ആവശ്യമായ തുക വാട്ടര്‍ ആതോറിറ്റി കണ്ടെത്തണമെന്ന നിര്‍ദ്ദേശിക്കുന്ന ധനമന്ത്രി സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 900 കോടി രൂപയാണ് കുടിവെള്ളവിതരണ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് എന്നകാര്യം വിസ്മരിക്കരുത്. അതുകൊണ്ട് ഈ തുക അതാത് സ്ഥാപനങ്ങളുടെ ബജറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും കുറവ് ചെയ്തു വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കണം.വെള്ളക്കരം വര്‍ധിപ്പിക്കാതെ ഉത്പാദന വിതരണ നഷ്ടം സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നികത്തുകയും ബിപിഎല്‍ കാര്‍ഡുകള്‍ക്ക് നല്‍കുന്ന സൗജന്യവെള്ളത്തിന്റെ തുക സമയബന്ധിതമായി നല്‍കുകയും ചെയ്യണം. വാട്ടര്‍ അതോറിറ്റിയുടെ വൈദ്യുതി ചാര്‍ജ് വ്യവസായിക നിരക്കില്‍ നിന്നും ഗാര്‍ഹിക നിരക്കിലേക്ക് മാറ്റി അധിക ചെലവ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള പ്രോവിഡന്‍സ് ഫണ്ട്,ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍സ് കുടിശിക ഇനത്തില്‍ 600 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് ബാധ്യത ഉണ്ട്.ഈ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും തമ്പാനൂര്‍ രവി അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *