സ്കൂൾ ശുചീകരണ യജ്‌ഞം ആരംഭിച്ചു;എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി
സ്കൂളുകൾ ശുചിയാക്കുന്ന യജ്‌ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്കൂളുകൾ ശുചിയാക്കുന്നത്.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ് എം വി സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിരുന്നു.

മന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകൾ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുന്നുണ്ട്. എസ് എം വി സ്കൂളിൽ ഡി വൈ എഫ് ഐയും സത്രം സ്കൂളിൽ കെ എസ് ടി എയുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave Comment