കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എംപി

Spread the love

തിരുവല്ലം പോലീസ് സ്‌റ്റേഷനില്‍ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

നെഞ്ചുവേദ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപ്രതിയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് പോലീസ് ഭാഷ്യം. ഇത് വിശ്വാസയോഗ്യമില്ല. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വരണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. അതിനാല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തണമെന്നും ആടിനെ പട്ടിയാക്കുന്ന കേരളപോലീസ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസായതിനാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും സുധാകരന്‍ പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ കേസിലും മരണപ്പെട്ട വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അപ്പോള്‍ അസ്വസ്ഥതകള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നതിന് പകരം എന്തുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയില്ല? മാത്രവുമല്ല രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടയുടനെ ഇയാളെ എന്തുകൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയില്ല ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കസ്റ്റഡി മരണ ആരോപണത്തില്‍ നിന്നും പോലീസ് പഴുതുകള്‍ ഉണ്ടാക്കി രക്ഷപ്പെടുന്നതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന ആക്ഷേപം നിലനില്‍ക്കുന്നു.മരിച്ച വ്യക്തിയുടെ ബന്ധുകള്‍ ഇതിനോടകം ലോക്കപ്പ് മര്‍ദ്ദനം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സത്യം കണ്ടെത്താന്‍ സുരേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത് മുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നു. ജനപ്രതിനിധികള്‍ക്ക് പോലും ഒരു സുരക്ഷിതത്വവുമില്ല. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളില്‍ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പോലീസ് പറയുന്നത് പ്രതി മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയെന്നാണ്. ലഹരി മാഫിയയും ക്രിമിനല്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സിപിഎമ്മും കേരള സര്‍ക്കാരും അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നു . മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങളുടെ തിരിക്കിലായതിനാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയമില്ല.പോലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *