ഫാ. ജോസഫ് പാത്രപാങ്കല്‍ സിഎംഐ അന്തരിച്ചു

Spread the love

കോട്ടയം: പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ ഫാ. ജോസഫ് പാത്രപാങ്കല്‍ സിഎംഐ (92) അന്തരിച്ചു. സിഎംഐ സന്യാസസമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ വാഴൂര്‍ അനുഗ്രഹ റിന്യൂവെല്‍ സെന്റര്‍ അംഗമായിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പാലമ്പ്ര ഗെദ്‌സമെന്‍ പള്ളിയില്‍ . റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. ജോസഫ് ബംഗളുരു ധര്‍മ്മാരാം കോളജ് പ്രസിഡന്റ്, ദൈവശാസ്ത്രവിഭാഗം മേധാവി, തിയോളജിക്കല്‍ പബ്ലിക്കേഷന്‍ ഓഫ് ഇന്ത്യയുടെ ദീര്‍ഘകാല പ്രസിഡന്റ്, റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

വാഴൂര്‍ അനുഗ്രഹ റിന്യൂവെല്‍ സെന്ററിന്റെ സ്ഥാപകനുമാണ്. സ്വീഡനിലെ ഉപ്‌സാല യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ദൈവശാസ്ത്രപണ്ഡിതനും ബൈബിള്‍ വിജ്ഞാനീയത്തില്‍ അഗ്രഗണ്യനും ശിഷ്യരുടെ ആദരവ് പിടിച്ചുപറ്റിയ അധ്യാപകനും എഴുത്തുകാരനുമായിരുന്നു. ബംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്റെ ഇന്നത്തെ വളര്‍ച്ചക്കു നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി രൂപതയിലെ ഇളങ്ങുളം ഇടവകയില്‍ എബ്രഹാം മറിയം ദമ്പതികളുടെ മകനായി 1930 സെപ്റ്റംബര്‍ 29നു ജനിച്ചു.

സിസ്റ്റര്‍ അല്‍ഫോന്‍സ എംഎംഎസ്, പരേതരായ പി.എ. ചാക്കോ, പി.എ. കുരുവിള, ഏലിക്കുട്ടി, സിസ്റ്റര്‍ ഡൊമിനിക് സിഎംസി, ഡോ. പി.എ. എബ്രാഹം എന്നിവര്‍ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *