സ്ത്രീപക്ഷ നവകേരളം സ്ത്രീശക്തി കലാജാഥ മാര്‍ച്ച് 8 ന് പ്രയാണം തുടങ്ങും

Spread the love

തിരുവനന്തപുരം : സ്ത്രീധനത്തിനെതിരായും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് രാവിലെ 9.30ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ അന്നേ ദിവസം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും.സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം. സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നാടകങ്ങളും സംഗീതശില്‍പ്പങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 12 കലാകാരികളെ വീതം ഉള്‍പ്പെടുത്തി 14 കലാജാഥാ ട്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത 42 കലാകാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ത്രീശക്തി കലാജാഥ നാടകക്കളരിയുടെ ഒന്നും രണ്ടും ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യഘട്ട പരിശീലനം രണ്ടാം ഘട്ട പരിശീലനം തൃശൂര്‍ കിലയിലായിരുന്നു. ഓരോ ജില്ലയില്‍ നിന്നും മൂന്നു പേര്‍ വീതമാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പില്‍ പങ്കെടുത്ത 42 വനിതകള്‍ മുഖേനയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചു കൊണ്ട് ജില്ലാ കലാജാഥാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. ആകെ 168 വനിതകള്‍ നാടകപരിശീലനത്തില്‍ പങ്കാളികളായതെന്ന് മന്ത്രി പറഞ്ഞു.സ്ത്രീപക്ഷ നവകേരളത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലാണ് സ്ത്രീശക്തി കലാ ജാഥയിലെ മൂന്ന് നാടകവും രണ്ട് സംഗീതശില്‍പ്പവും രൂപകല്‍പ്പന ചെയ്തിതിട്ടുള്ളത്. പരിശീലന ക്യാമ്പ് ഡയറക്ടര്‍ കൂടിയായ കരിവെള്ളൂര്‍ മുരളി രചിച്ച ‘പാടുക ജീവിത ഗാഥകള്‍’ എന്ന സംഗീത ശില്‍പ്പത്തോടെയാണ് കലാജാഥകളുടെ അവതരണം ആരംഭിക്കുക. അടുക്കളയില്‍ ചിറകറ്റ് വീഴുന്ന പെണ്‍ സ്വപ്നങ്ങള്‍ ഇതില്‍ വിഷയമാവുന്നുണ്ട്.

സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും തുറസ്സുകളിലേക്ക് ഉണരണമെന്ന ആഹ്വാനമാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീശക്തി കലാജാഥാ ക്യാമ്പയിനിലൂടെ ഉയര്‍ത്തുന്നത്.

മാര്‍ച്ച് എട്ട് മുതല്‍ പതിനെട്ട് വരെ എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തും. ഓരോ ജില്ലയിലും ദിവസവും നാല്   വേദികളിലാണ് നാടകം അവതരിപ്പിക്കുക.  ക്യാമ്പസ്സുകള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ സന്ദേശം എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *