പൊളിയാണ് വനിതാ ശിശു വികസന വകുപ്പ് സ്റ്റാള്‍

ഓരോ ദിവസങ്ങളിലും ഓരോ നിറങ്ങളാല്‍ കാണികളില്‍ കൗതുകം നിറച്ച് വനിതാ ശിശു വികസന വകുപ്പ്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഒന്‍പത് ദിവസങ്ങളിലും ഓരോ വ്യത്യസ്ത നിറങ്ങളാല്‍ സ്റ്റാളുകള്‍ ഒരുക്കി വെച്ചാണ്
ശിശുവികസന വകുപ്പ് കാണികളെ ആകര്‍ഷിക്കുന്നത്. കാണികളെ സ്വീകരിക്കുന്നത് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാനുള്ള ഒരു സിഗ്‌നേച്ചര്‍ ബോര്‍ഡാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപാടുകളും അഭിപ്രായങ്ങളും ഇതില്‍ രേഖപ്പെടുത്താം. സ്റ്റാളിന് അകത്തേക്ക് കടന്നാല്‍ ഏതൊരാളും തന്റെ കുട്ടിക്കാല ഓര്‍മ്മകളിലെത്തും.വിവിധ വര്‍ണങ്ങളാല്‍ ഒരുക്കിവെച്ച കളിപ്പാട്ടങ്ങള്‍, സ്മാര്‍ട്ട് അങ്കണവാടികളുടെ പ്രതിരൂപം, അക്ഷരങ്ങളെ പരിചയപ്പെടുത്തുന്ന കുഞ്ഞു പുസ്തകങ്ങള്‍ തുടങ്ങി കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍. ഫാറ്റ് ഫുഡിനോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്ന പുതു തലമുറയ്ക്ക് വ്യത്യസ്ത രുചിയുണര്‍ത്തി ഉപ്പ് മാവ് മുതല്‍ പുഡിംഗ് വരെയുള്ള വിഭവങ്ങള്‍. എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത് കുടുംബശ്രീ ഉല്‍പന്നമായ ന്യൂട്രി മിക്‌സുകള്‍ കൊണ്ട്. കാണാന്‍ എത്തുന്നവര്‍ക്കും ഇത് രുചിച്ച് നോക്കാം. നല്ല ഒരു നാളെയ്ക്കായി കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണം നടത്തുന്നു.

Leave Comment