സൈബര്‍ കയത്തിലെ കാണാഗര്‍ത്തങ്ങൾ; പുതിയ ലോകത്തില്‍ കരുതല്‍ വേണം

ജാഗ്രതകളും മുന്‍കരുതലുമായി പോലീസ് സെമിനാര്‍

വയനാട്: ഫിഷിംഗ്, സ്പൂഫിങ്ങ്, ഹാക്കിങ്ങ് തട്ടിപ്പുകളുടെ പുതിയ സാങ്കേതിക ലോകത്തെ പുതിയ വാക്കുകളെ പരിചയപ്പെടാം. ദിനം പ്രതി സൈബര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കും പൊതുസമൂഹത്തിനും മുന്നറിയിപ്പും ബോധവത്കരണവുമായി പോലീസ് വകുപ്പിന്റെ സെമിനാര്‍ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന നഗരിയിലെ ആദ്യ സെമിനാറാണ് വിഷയത്തിന്റെ സമകാലിക പ്രസക്തി കൊണ്ട് വേറിട്ട് നിന്നത്. ലോകം കണ്ട പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചും തന്ത്രപരമായ സൈബര്‍ അന്വേഷണത്തെക്കുറിച്ചും പോലീസ് സൈബര്‍ ക്രൈം പ്രവര്‍ത്തനങ്ങളെ സെമിനാറില്‍ അവതരിപ്പിച്ചു.
ലോകം കണ്ട പ്രധാന ഹാക്കര്‍മാരില്‍ ഒരാളായ ജോനാഥന്‍ ജോസഫ് ജെയിംസും, ഇന്ത്യയുടെ ഓലൈന്‍ തട്ടിപ്പിന്റെ തലസ്ഥാനമെന്ന് കുപ്രസിദ്ധി നേടിയ ഝാര്‍ഖണ്ഡിലെ ജാംതാര എന്ന സ്ഥലവും സെമിനാറില്‍ വിഷയങ്ങളായി. കുട്ടികള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും ഓൺലൈന്‍ തട്ടിപ്പിന്റെ വിവിധ രൂപങ്ങളും സെമിനാറില്‍ ചര്‍ച്ചാവിഷയമായിരുന്നു. സിനിമാ ദൃശ്യങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നടത്തിയ ബോധവത്ക്കരണം സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി. സൈബര്‍ ആക്രമണങ്ങളെയും ഓണ്‍ലൈന്‍ തട്ടിപ്പിനെയും പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു. യൂസര്‍ നെയിമും പാസ് വേഡും നിര്‍മ്മിക്കുമ്പോള്‍ കൂടുതലായും നമ്പറുകള്‍, സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നൽകണം, ഒരേ പാസ് വേഡ് തന്നെ വ്യത്യസ്ത ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്ന പ്രവണതകള്‍ ഒഴിവാക്കണം. ഹാക്കിംഗ് ഒഴിവാക്കാന്‍ ഫ്രീ വൈ ഫൈ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സെമിനാറില്‍ ജാഗ്രത നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടാല്‍ പോലീസിന്റെ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ ഹൈജീന്‍ പാലിക്കാന്‍ ഏവരും തയ്യാറാകണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. ”സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും ” സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും വിദ്യാര്‍ഥികളും പൊതുജനങ്ങളും സെമിനാറില്‍ പങ്കെടുത്തു. കല്‍പ്പറ്റ ഡി.വൈ.എസ്.പി എം.ഡി സുനില്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷ് സെമിനാറില്‍ വിഷയാവതരണം നടത്തി. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍, കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രമോദ്, കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave Comment