ഇന്ത്യയില്‍ ആദ്യമായി ആര്‍സിസിയില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍

Spread the love

തിരുവനന്തപുരം: ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സംവിധാനത്തിലൂടെ ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി (ഐ.എം.ആര്‍.ടി), ഇമേജ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (ഐ.ജി.ആര്‍.ടി) എന്നീ നൂതന സാങ്കേതിക ചികിത്സ അതിവേഗതയില്‍ കൂടുതല്‍ രോഗികള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു. 20 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ആര്‍.സി.സിയില്‍ ഈ നൂതന സംവിധാനം സജ്ജീകരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മെഷീന്‍ സ്ഥാപിച്ച് ചികിത്സയ്ക്കായി ഉപയോഗപെടുത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിലുള്ള പരമ്പരാഗത സിആം ലീനിയര്‍ ആക്‌സിലറേറ്റര്‍ സംവിധാനത്തില്‍ ഒരേസമയം നിശ്ചിത രോഗികള്‍ക്ക് മാത്രമേ റേഡിയോ തെറാപ്പി നല്‍കാന്‍ സാധിക്കൂ എന്നതിനാല്‍ ചികിത്സ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യ സജ്ജീകരിക്കുമ്പോള്‍ റേഡിയോ തെറാപ്പി ആരംഭിക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കുന്നു. റേഡിയേഷന്‍ ചികിത്സ വഴി രോഗം പൂണമായി സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.

റിംഗ് ഗാന്‍ട്രി മെഷീന്‍ വഴി നല്‍കുന്ന റേഡിയേഷന്‍, ഇമേജ് ഗൈഡന്‍സിംഗ് സാങ്കേതികതയിലൂടെ ആയതിനാല്‍ സാധാരണ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും റേഡിയേഷന്‍ ഡോസ് ഏല്‍ക്കുന്നത് കുറയ്ക്കുന്നതിനും സാധിക്കും. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഗുണനിരവാരം ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണങ്ങള്‍ (ക്വാളിറ്റി അഷ്വറന്‍സ് ടൂളുകള്‍) യന്ത്രത്തില്‍ സജ്ജീകരിക്കുന്നുവെന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനും ഓരോ ചികിത്സയുടെ കൃത്യത വിലയിരുത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നു. മെഷിനിന്റെ നൂതനമായ രൂപകല്‍പ്പന വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും മെഷീനിനുള്ളിലെ റേഡിയേഷന്‍ പുറത്ത് വരാതെ സംരക്ഷിക്കുകയും, അതുവഴി മെഷീന്‍ സ്ഥാപിക്കുന്ന റൂമിന്റെ നിര്‍മ്മാണ ചെലവ് കുറയ്ക്കുവാനും സാധിക്കുന്നു.

ഇത് സംബന്ധിച്ച ധാരണാപത്രം ആര്‍.സി.സി ക്യാമ്പസില്‍ വച്ച് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് രവി എന്നിവര്‍ ഒപ്പുവച്ചു. ആര്‍.സി.സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍, ചീഫ് ജി.എം പവര്‍ ഗ്രിഡ് മിഥുലേഷ് കുമാര്‍, ചീഫ് ജി.എം പവര്‍ ഗ്രിഡ് എ നാഗരാജന്‍, സീനിയര്‍ ജി.എം പവര്‍ ഗ്രിഡ് ഗ്രേസ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *