യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.

യോഗയിലും, മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് മുഖ്യ പരിശീലകരാകാനുള്ള പരിശീലന പരിപാടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യോഗയില്‍ 40 പേര്‍ക്കും മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയില്‍ 35 പേര്‍ക്കുമാണ് ഇവിടെ പരിശീലനം നല്‍കുന്നത്. ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവരെ മുഖ്യ പരിശീലകരായി പ്രയോജനപ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കര്‍മ്മനിരതരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗ പരിശീലന പരിപാടിയുടെ തുടര്‍ പരിപാടിയായി സംഘടിപ്പിക്കും. ജീവിത ശൈലീരോഗങ്ങളെ ചെറുത്ത് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന യോഗ ജനങ്ങളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതാണ്.

കുട്ടികളിലെ പഠനവൈകല്യ നിര്‍ണ്ണയവും പരിപാലനവും കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ പ്രൈമറി അധ്യാപകരെയും സജ്ജരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി പരിശീലന പരിപാടിയുടെ തുടര്‍ പരിപാടിയായി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതാണ്.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമാണ് സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, കേരളം. 1978 ല്‍ സ്ഥാപിതമായ സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ സംസ്ഥാനത്തെ അനൗപചാരിക തുടര്‍ വിദ്യാഭ്യാസ മേഖലയിലെ ഒരു സുപ്രധാന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. ആജീവനാന്ത വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടില്‍ 2017 ല്‍ എസ്.ആര്‍.സി ആരംഭിച്ച കമ്മ്യൂണിറ്റി കോളേജിനു കീഴില്‍ വിവിധ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ പ്രോഗ്രാമുകള്‍ നടത്തിവരുന്നു. ജനങ്ങളുടെ അറിവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിനും മനോഭാവത്തില്‍ ഗണ്യമായ മാറ്റം വരുത്തുന്നതിനും ഇവ സഹായകമാണ്. 2017 ല്‍ ആരംഭിച്ച എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 13000 ല്‍ പരം പഠിതാക്കള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4000 ല്‍ പരം പേര്‍ യോഗയിലും 1000 ല്‍ പരം പേര്‍ മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

Leave Comment