ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം

Spread the love

എക്കാലത്തേയും ഉയർന്ന ലാഭം, വർധന 452 ശതമാനം.

കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് റെക്കോർഡ് ലാഭം. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷത്തെ 54.73 കോടി രൂപയിൽ നിന്ന് 452 ശതമാനമാനമാണ് വർധന രേഖപ്പെടുത്തിയത്. അവസാന പാദത്തിൽ 101.38 കോടി രൂപയാണ് അറ്റാദായം. മൂന്നാം പാദത്തിൽ ഇതേകാലയളവിൽ 37.41 കോടി രൂപയായിരുന്നു ഇത്.

വായ്പകൾ ഉൾപ്പെടെയുള്ള ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വളർച്ച രേഖപ്പെടുത്തി 30,996.89 കോടി രൂപയിലെത്തി. മുൻ വർഷം 25,155.76 കോടി രൂപയായിരുന്നു ഇത്. പ്രവര്‍ത്തന വരുമാനം 81.70 ശതമാനം വർധിച്ച് 491.85 കോടി രൂപയിൽ നിന്നും 893.71 കോടി രൂപയിലുമെത്തി. 1,836.34 കോടി രൂപയാണ് വാർഷിക അറ്റ പലിശ വരുമാനം. മുൻ വർഷത്തെ 1,147.14 കോടി രൂപയിൽ നിന്നും 60.08 ശതമാനമാണ് വർധന.സുസ്ഥിരതയോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ലാഭം കുതിച്ചുയർന്നത് മുന്നിലുള്ള അവസരങ്ങളുടെ തെളിവാണെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു. ‘ഈ ഫലം ഞങ്ങളുടെ വായ്പാ ഉപഭോക്താക്കളുടെ തിരിച്ചടവു ശേഷിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. നിരവധി പേരുടെ ജീവിതത്തിൽ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യയിലുടനീളം പ്രവർത്തനം വിപുലീകരിക്കുന്നതോടൊപ്പം എല്ലാവരേയും സമൃദ്ധിയിലേക്കു നയിക്കുന്ന ഒരു കൂട്ടായ വളർച്ച ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും,’ അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങൾ 14.44 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 12,815.07 കോടി രൂപയിൽ നിന്ന് 14,665.63 കോടി രൂപയിലെത്തി. കാസ അനുപാതം 7.18 ശതമാനമായി മെച്ചപ്പെട്ടു. മുൻ വർഷത്തെ 2,927.40 കോടി രൂപയിൽ നിന്ന് ഇത് 3,137.45 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 16.38 ശതമാനമാണ് വളർച്ച. മൊത്തം വായ്പകൾ മുൻ വർഷത്തെ 12,130.64 കോടി രൂപയിൽ നിന്നും 14,118.13 കോടി രൂപയായി വർധിച്ചു.

മൊത്ത നിഷ്‌ക്രിയ ആസ്തി 7.83 ശതമാനത്തിൽ നിന്ന് 2.49 ശമതാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.92 ശതമാനത്തിൽ നിന്ന് 1.13 ശതമാനമായും ആസ്തി ഗുണനിലവാരം നല്ല രീതിയിൽ മെച്ചപ്പെടുത്തി. 19.83 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. പ്രതി ഓഹരി വരുമാനം 1.22 രൂപയിൽ നിന്ന് 6.73 രൂപയായും വർധിച്ചു.

Report : Sneha Sudarsan 

Author

Leave a Reply

Your email address will not be published. Required fields are marked *