എന്റെ കേരളം മേളയില്‍ ദൃശ്യാനുഭവമായി സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍

Spread the love

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസം അരങ്ങേറിയ സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍ നടന്‍ ഏകപാത്ര നാടകം ദൃശ്യവിസ്മയമായി. ഓച്ചിറ വേലുക്കുട്ടി ആശാന്‍ എന്ന അതുല്യ നാടക പ്രതിഭയുടെ ജീവിതം പ്രമേയമാക്കിയ നാടകം ഭാവ വൈവിധ്യങ്ങളുടെ പൂര്‍ണതയായി മാറി.വേലുക്കുട്ടി ആശാന്‍ പകര്‍ന്നാടിയ കുമാരനാശാന്റെ കരുണയിലെ വാസവദത്ത എന്ന കഥാപാത്രത്തെ പുനര്‍ജനിപ്പിക്കുകയാണ് പെണ്‍നടനില്‍. സ്ത്രീകള്‍ അരങ്ങില്‍ സജീവമല്ലാത്ത കാലത്ത് സ്ത്രീ വേഷത്തില്‍ ഒതുങ്ങിപ്പോയ നടന്റെ മാനസിക സംഘര്‍ഷങ്ങളും ആകുലതകളും പെണ്‍നടനിലൂടെ വേദിയിലെത്തുന്നു. പെണ്‍വേഷങ്ങള്‍ അവതരിപ്പിച്ച് വര്‍ഷങ്ങളോളം അരങ്ങ് വാണവര്‍ വ്യക്തി ജീവതത്തില്‍ നേരിട്ട ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറി പെണ്‍നടന്‍. അഞ്ച് വേഷങ്ങളിലൂടെ കഥപറയുന്ന നടത്തിന്റെ ദൈർഘ്യം ഒന്നര മണിക്കൂറാണ്. കുമാരനാശാന്റെ കവിതകള്‍ നാടകത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *