സംസ്കൃത സർവ്വകലാശാലയിലെ വിവിധ കർമ്മപദ്ധതികളുടെ ഉദ്ഘാടനങ്ങൾ മന്ത്രി ആർ. ബിന്ദു ഇന്ന് (മെയ് 12ന്) നിർവ്വഹിക്കും

Spread the love

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കർമ്മ പരിപാടികളുടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഉദ്ഘാടനം ഇന്ന് (മെയ് 12ന്) രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. കൂടിയാട്ടം ഡിജിറ്റലൈസേഷൻ, ക്രിയേറ്റീവ് ലിറ്ററേച്ചർ ഡെവലപ്മെന്റ് ഇൻ സാൻസ്ക്രിറ്റ്, സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ് എന്നിവയുടെ ഉദ്ഘാടനവും കേരള നോളജ് സീരീസിൽ പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. കോൺട്രിബ്യൂഷൻ ഓഫ് കേരള ടു വേദാന്തദർശന (ഡോ. വി. ശിശുപാല പണിക്കർ), കേരളത്തിന്റെ സാംസ്കാരികപരിണാമം (ഡോ. എസ്. രാജശേഖരൻ), അലങ്കാരദർശിനി ഓഫ് ഗോവിന്ദ (ഡോ. ബി. നിധീഷ് കണ്ണൻ) എന്നിവയാണ് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ.

കാലടി മുഖ്യകേന്ദ്രത്തിലെ കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. മുഖ്യാതിഥിയായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആമുഖ പ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡി. സലിംകുമാർ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽ കുമാർ എന്നിവർ പ്രസംഗിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *