നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ അഭിമാനം: മേയ് 12 ലോക നഴ്‌സസ് ദിനം – മന്ത്രി വീണാ ജോര്‍ജ്

Spread the love

നമ്മുടെ നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിനാകെ നഴ്‌സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്‌സസ് ദിനം ആചരിക്കുന്നത്. കേരളത്തിലെ നഴ്‌സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍ പല ലോക രാജ്യങ്ങളും എടുത്ത് പറഞ്ഞിട്ടുണ്ട്. Our Nurses Our Future (നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി) എന്നതാണ് ഈ വര്‍ഷത്തെ നഴ്‌സസ് ദിന സന്ദേശം. ആരോഗ്യ രംഗത്ത് നഴ്‌സുമാരുടെ സേവനങ്ങള്‍ എത്ര വലുതാണെന്ന് കാണിക്കുന്നതാണ് ഈ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റി സ്ഥാപന തലത്തില്‍ നല്‍കിയിരുന്ന മാര്‍ക്കുകള്‍ വിലയിരുത്തി സംസ്ഥാനതല മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് നഴ്‌സസ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സംസ്ഥാനതല നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ആരോഗ്യ വകുപ്പില്‍ ജനറല്‍ നഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ശ്രീദേവി പി., ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തില്‍ മികച്ച നഴ്‌സിനുള്ള സംസ്ഥാനതല അവാര്‍ഡ് തൃശൂര്‍ പുതുക്കാട് താലൂക്ക് ആശുപത്രി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 1 എം.സി ചന്ദ്രിക എന്നിവര്‍ക്കാണ്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ സിന്ധുമോള്‍ വി. കരസ്ഥമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *