സംഘപരിവാര്‍ ഗര്‍വ്വ് തല്ലിതകര്‍ത്ത വിജയമെന്ന് കെ.സി.വേണുഗോപാല്‍ എം.പി

Spread the love

പണാധിപത്യവും അധികാര ഗര്‍വ്വും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച സംഘപരിവാര്‍ ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

ബിജെപിയുടെ മോദിബ്രാൻഡെന്നത് വെറും ഊതിപ്പെരുപ്പിച്ച നീര്‍ക്കുമിളയാണെന്ന് ജനം വിധിയെഴുതി.മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം ബിജെപി ദയനീയമായി പരാജയപ്പെട്ടു.കര്‍ണാടകയിലെ ബിജെപിയുടെ പരാജയം മോദിയുടെ കൂടിയാണ്. പ്രതിപക്ഷത്തെ ശബ്ദത്തെ ഇല്ലായ്മചെയ്ത് അധികാര ദുര്‍വിനിയോഗം നടത്തുന്ന ബിജെപിയെയും മോദിയെയും ജനം വെറുക്കുന്നുെയന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് കര്‍ണാടകയിലെ വിധിയെഴുത്ത്. അന്വേഷണ ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപിക്ക് കന്നട ജനത നല്‍കിയത് ശക്തമായ താക്കീതാണ്. ചിക്കമംഗളൂരു ലോക്സഭാ മണ്ഡലത്തിലെ 1978 ലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നേടിയ ഉജ്വല വിജയത്തിലൂടെ കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ സന്ദേശമാണ് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

ജനാധിപത്യ മതേതരവിശ്വാസികളുടെ ആശയും പ്രതീക്ഷയുമാണ് കോണ്‍ഗ്രസ്.ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തിലുണ്ടാകാന്‍ പോകുന്ന മാറ്റത്തിന്‍റെ ചവിട്ടുപടി കൂടിയാണ് കര്‍ണാടകയിലെ ജനവിധി. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാണ ഭരണമായിരുന്നു ബിജെപിയുടെയേത്. അതിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ അലയടിച്ചത് രാഹുല്‍ ഗാന്ധി തരംഗമാണ്. ബിജെപിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നീട്ടിയ സ്നേഹത്തിന്‍റെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന ആത്മധെെര്യമാണ് കന്നട ജനത കാട്ടിതന്നത്. ‘ഭാരത് ജോഡോ യാത്ര’കടന്നുപോയ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വൻ വിജയം നേടി. സത്യം വിളിച്ചുപറഞ്ഞതിന്‍റെ പേരില്‍ എം.പി സ്ഥാനത്തുനിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിക്ക് കന്നട ജനത ബാലറ്റിലൂടെ പ്രതികാരം തീര്‍ത്തു. ഭാരത് ജോഡോ യാത്ര പകർന്നു നൽകിയ ഊർജവും ആവേശവും ഐക്യവും രാജ്യത്തു കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബിജെപിയെ തെക്കേ ഇന്ത്യയില്‍ നിന്നും തുടച്ച് മാറ്റിയത് പോലെ കേന്ദ്ര അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് ചവിട്ടിപുറത്താക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *