ബേപ്പൂരിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച് തീരസദസ്സ്

Spread the love

തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾ കേട്ടും പരിഹാരങ്ങൾ നിർദേശിച്ചും ബേപ്പൂർ നിയോജകമണ്ഡലത്തിലെ തീരദേശ സദസ്സ്‌. തീര സദസ്സിന് മുന്നോടിയായി മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ വിഷയങ്ങൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. തീരപ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കാൻ മന്ത്രി എത്തിയത് തീരദേശവാസികൾക്ക് ആശ്വാസമായി.228 പരാതികളാണ് ബേപ്പൂർ തീരസദസ്സിൽ ലഭിച്ചത്. മുതിർന്ന മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു‌. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ഉന്നതവിദ്യാഭ്യാസം നേടിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട പരാതികൾ, ലൈഫ്, മാലിന്യനിര്‍മാര്‍ജനം, ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, തീരദേശത്തെ റോഡുകളുടെ പുനർനിർമാണം, ഡ്രഡ്‌ജിങ് തുടങ്ങി വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ വേഗത്തിൽ നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പുനൽകി. ബേപ്പൂർ സ്കൂൾ ഹോസ്റ്റൽ നവീകരിക്കാനും, മാറാട് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രാഥമിക പഠനം നടത്താൻ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് മന്ത്രി നിർദേശം നൽകി.സംസ്ഥാനത്ത് തീരസദസ്സ് സമാപിക്കുമ്പോഴേക്കും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ 20,000 ത്തോളം അപേക്ഷകൾ പരിഗണിച്ച് മറുപടി നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിലൂടെ ഭവനനിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സർക്കാരിന് സാധിച്ചു. കഴി‍ഞ്ഞ ഏഴ് വർഷത്തിനിടെ 12,558 പേർക്ക് വീട് നിർമ്മിച്ച് നൽകാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയാണ് സർക്കാർ. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ചാലിയം ഫിഷ്ലാന്റിങ് സെന്റർ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബേപ്പൂർ തുറമുഖം വികസനവുമായി ബന്ധപ്പെട്ട് ഡി.പി.ആർ അടിയന്തരമായി സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാറാട് അഡീഷണൽ ഫിഷ് ലാന്റിങ് സെന്റർ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *