സംസ്കൃതത്തിലൊരു ‘ഗ്ലോബൽ ടെക് ‘ കോഴ്സ് ഹൈബ്രിഡ് മോഡിൽ പഠിക്കാം; എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം

Spread the love

സംസ്കൃത സർവ്വകലാശാലയിൽ  പി.ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്;
അവസാന തീയതി ജൂൺ അഞ്ച്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സംസ്കൃത ഭാഷാശാസ്ത്രവും കമ്പ്യൂട്ടർ സയൻസും പരസ്പരം കണ്ടുമുട്ടുന്നു. സർവ്വകലാശാല പുതുതായി ആരംഭിക്കുന്ന ന്യൂജെൻ അക്കാദമിക് പ്രോഗ്രാമായ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിലാണ് ഈ അപൂ‍ർവ്വ കണ്ടുമുട്ടൽ. സംസ്കൃത ഭാഷാശാസ്ത്രത്തിന്റെയും കമ്പ്യൂട്ടർ സയൻസിന്റെയും സംയോജിതമായ ആപ്ലിക്കേഷനായാണ് ഈ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. സംസ്കൃതം ഒരു എഞ്ചിനീയറിംഗ് ഭാഷയായതിനാൽ കമ്പ്യൂട്ടർ സയൻസും സംസ്കൃത ഭാഷയും ഈ പ്രോഗ്രാമിൽ ഇഴചേർന്നിരിക്കുന്നു. എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഈ പ്രോഗ്രാം ഏറെ പ്രയോജനപ്പെടുന്നു.

ഇന്റർഡിസിപ്ലിനറി ടെക്നിക്കൽ പ്രോഗ്രാം.

ലോകഭാഷകളിൽ മാതൃസ്ഥാനമാണ് സംസ്‌കൃതത്തിനുള്ളത്. ഭാരതത്തിന്റെ സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ സമ്പത്തിന്റെ കലവറയെന്ന് സംസ്‌കൃതഭാഷയെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. ദേവഭാഷ, ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, തുടങ്ങിയ പേരുകളിലും സംസ്‌കൃതഭാഷ അറിയപ്പെടുന്നു. പഴക്കമേറെ ചെന്നാലും പുതുമ നശിക്കുന്നില്ല എന്നതാണ് സംസ്‌കൃതത്തിന്റെ സവിശേഷത. ഭാരതീയ വിജ്ഞാന മേഖലകളെ ശാസ്ത്രീയവും നൂതനവുമായി സമീപിച്ച് ഗവേഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് മൾട്ടിഡിസിപ്ലിനറി സ്കിൽസ് വികസിപ്പിച്ചെടുക്കുവാനും നൂതനമായ കമ്പ്യൂട്ടേഷണൽ മോഡലുകളെ സൃഷ്ടിക്കുവാനുമാണ് ഈ അക്കാദമിക് പ്രോഗ്രാമിലൂടെ സർവ്വകലാശാല ലക്ഷ്യമാക്കുന്നത്.

അവസരങ്ങളുടെ ഭൂഗോളത്തിലേക്കുള്ള കവാടം

സംസ്കൃത ഭാഷാശാസ്ത്രത്തിനെ കമ്പ്യൂട്ടർ സയൻസുമായി സംയോജിപ്പിച്ച് ആധുനിക മായി തയ്യാറാക്കിയിരിക്കുന്ന സിലബസ് പ്രകാരം ഇതൊരു ഇന്റർഡിസിപ്ലിനറി ടെക്നിക്കൽ പി. ജി. ഡിപ്ലോമ പ്രോഗ്രാമാണ്. സംസ്കൃതത്തിലുള്ള അറിവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും കമ്പ്യൂട്ടർ സയൻസിലും ധാരാളം തൊഴിൽ സാധ്യതകൾ നൽകുന്നു. പ്രായോഗിക സംസ്കൃതത്തിന് നൂതനമായ സാധ്യതകൾ നൽകുവാൻ ഈ പ്രോഗ്രാമിലൂടെ കഴിയുന്നു. ഈ കോഴ്സ് പൂർത്തിയാക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ധ‍ർക്ക് ഭാഷാശാസ്ത്ര മേഖലകളിൽ തൊഴിൽ സാധ്യതകളേറെയാണ്.

പുതിയ കാലത്ത് അറിവിന്റെ ഭൂപടങ്ങളിലേയ്ക്കുള്ള കിളിവാതിൽ മാത്രമല്ല ഭാഷാപഠനം, അവസരങ്ങളുടെ ഭൂഗോളത്തിലേക്കുള്ള കവാടം കൂടിയാണിത്. സംസ്കൃത ശാസ്ത്രത്തിനൊപ്പം കമ്പ്യൂട്ടർ സയൻസ് എന്ന സാങ്കേതികതയും കൂടി യോജിക്കുമ്പോൾ തൊഴിലവസരങ്ങളുടെ ചക്രവാളങ്ങളാണ് തുറക്കുക. ഭാഷാപഠനത്തിലൂടെയുള്ള പാരമ്പര്യ തൊഴിലവസരങ്ങൾ വർദ്ധിച്ചതിനൊപ്പം പുതുതലമുറ ജോലികളുടെ എണ്ണം ചിന്തിക്കാനാകാത്തവിധം കൂടിയിരിക്കുന്നു. ‘ഗ്ലോക്കൽ അഥവാ ഗ്ലോബൽ പ്ലസ് ലോക്കൽ’ എന്ന രീതിയോടൊപ്പം സാങ്കേതികതയും കൂടിചേർന്ന ‘ഗ്ലോക്കൽ ടെക് ‘ രീതി നിലവിൽ വന്നിരിക്കെ സമൂഹമാധ്യമ ങ്ങളിലും ഓൺലൈൻ പരസ്യ-വിപണന രംഗങ്ങളിലും പ്രിന്റിംഗ്, പബ്ലിഷിംഗ്, ആപ്പ് ഡെവലപിംഗ്, ഭാഷാ ശാസ്ത്രജ്ഞൻ, ട്രാൻസലേറ്റ‍ർ തുടങ്ങിയ മേഖലകളിലുമൊക്കെ അസംഖ്യം തൊഴിലവസരങ്ങളാണുള്ളത്. കണ്ടന്റ് റൈറ്റർ, ടെക്നിക്കൽ റൈറ്റർ, കണ്ടന്റ് മാനേജർ, ബാക്ക് ഓഫീസ് മാനേജർ, കസ്റ്റമർ സർവീസ് മാനേജർ എന്നീ ജോലികളും ഈ പ്രോഗ്രാമിലൂടെ ലഭിക്കാവുന്നതാണ്.

ന്യൂജെൻ സിലബസ്.

വേർഡ് അനാലിസിസ്, സെന്റൻഷ്യൽ അനാലിസിസ്, ശബ്ദബോധ-ഒന്നാം ഭാഗം എന്നിവയാണ് ഒന്നാമത്തെ സെമസ്റ്ററിലെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോഗ്രാമിംഗ് പരിജ്ഞാനമില്ലാത്തവർക്ക് എൻ.എൽ.പി. വിത്ത് പൈതൺ പഠിക്കണം. സംസ്കൃതശാസ്ത്രത്തിൽ പരിജ്ഞാനമില്ലാത്തവർക്കായി ബേസിക് സംസ്കൃതവും ഒന്നാമത്തെ സെമസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്നിക്സ് ഓഫ് അഷ്ടധ്യായ്, ഡിസ്കോഴ്സ് അനാലിസിസ്, ശബ്ദബോധ-രണ്ടാം ഭാഗം, എൻ.എൽ.പി. വിത്ത് പൈത്തൺ എന്നിവയാണ് രണ്ടാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് സെമസ്റ്ററുകളിലും പ്രോജക്ട് വർക്കു ണ്ടായിരിക്കും.

ഹൈബ്രിഡ് മോഡ് പ്രോഗ്രാം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയും. സർവ്വകലാശാലയുടെ എൽ. എം. എസ്. പ്ലാറ്റ്ഫോമിലൂടെ യായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക.

ബിരുദധാരിക്ക് അപേക്ഷിക്കാം; പ്രായപരിധിയില്ല

50% മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സംസ്കൃതത്തിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായ പരിധിയില്ല. എഴുത്ത് പരീക്ഷയുടെയും ഇന്‍റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ 20 സീറ്റുകൾ. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ജനറൽ വിഭാഗത്തിന്റെ കീഴിലാണ് ഈ പി. ജി. ഡിപ്ലോമ പ്രോഗ്രാം നടക്കുക. കോഴ്സിന്റെ കാലാവധി ഒരു വർഷം. പ്രോഗ്രാമിനെ രണ്ട് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം

കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ ബ്രാഞ്ചുകളിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയവർക്ക് ഈ പ്രോഗ്രാം ഏറെ പ്രയോജനകരമാണ്. മറ്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി. കമ്പനികളിൽ ജോലി തേടുന്നവർക്കും അനുബന്ധ വിഷയങ്ങളിൽ ഗവേഷണ-അധ്യാപക മേഖലകളിൽ വ്യാപൃതരായവർക്കും ഈ പ്രോഗ്രാം അധിക യോഗ്യതയാണ്.

അപേക്ഷകൾ ഓൺലൈനായി മാത്രം

ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി ജൂൺ അഞ്ച്. ജൂലൈ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദ‍ർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *