കരുതലും കൈത്താങ്ങും അദാലത്ത്:രണ്ടാംദിനം പരിഗണിച്ചത് 200 അപേക്ഷകൾ

Spread the love

174 അപേക്ഷകരെ നേരിൽ കണ്ട് പരാതി പരിഹാരവുമായി മന്ത്രി പി രാജീവ്‌.

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ രണ്ടാംദിനം ജില്ലയിൽ പരിഗണിച്ചത് 200 അപേക്ഷകളാണ്.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ പറവൂർ കേസരി ബാലകൃഷ്ണ പിള്ള ഹാളിലാണ് രണ്ടാം ദിനത്തിൽ അദാലത്ത് സംഘടിപ്പിച്ചത്. രണ്ടാം ദിന അദാലത്തിൽ പറവൂർ താലൂക്കിലെ പരാതികളാണ് പരിഗണിച്ചത്.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 174 പരാതികൾ മന്ത്രി നേരിട്ട് പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്തു. 26 പരാതികൾ അദാലത്തിൽ പരിഗണിച്ചെങ്കിലും അപേക്ഷകർ ഹാജരാകാത്തതിനാൽ തുടർനടപടികൾക്കായി മാറ്റിവച്ചു. 311 പരാതികൾ അദാലത്ത് വേദിയിൽ നേരിട്ട് സ്വീകരിക്കുകയും ചെയ്തു.

അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ, സ്‌കോളർഷിപ്പ് കുടിശിക, കുടിവെള്ള കണക്ഷനും ബില്ലുമായി ബന്ധപ്പെട്ട പരാതികൾ, അതിർത്തി തർക്കം, വഴി തർക്കം,സ്വത്ത് തർക്കം, പെർമിറ്റ് നൽകാൻ, വയോജന സംരക്ഷണം, തെരുവ് വിളക്കുകൾ, തണ്ണീർത്തട സംരക്ഷണം, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ വന്നത്.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടർമാരായ ബി.അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, പറവൂർ താലൂക്ക് തഹസിൽദാർ കെ.എൻ. അംബിക, നഗരസഭ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ എന്നിവർ അദാലത്തിൻ്റെ മേൽനോട്ടം വഹിച്ചു.
ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ, റവന്യൂ ജീവനക്കാർ, പഞ്ചായത്ത് വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ സന്നിഹിതരായി.
മെയ് 18 ന് ആലുവ താലൂക്ക് തല അദാലത്ത് മഹാത്മാഗാന്ധി ടൗണ്‍ഹാളിലും കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *