കണ്ണൂർ ജില്ലയിലെ 16 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി

Spread the love

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 16 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ഇതുൾപ്പടെ സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നത്. സമഗ്രമായ ആരോഗ്യ പരിരക്ഷ താഴേ തട്ട് വരെ എത്തിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്‌സെൻറർ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഒരുക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാല് വരെ ആഴ്ചയിൽ ആറ് ദിവസവും ഇവ പ്രവർത്തിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുന്നതോടെ ഇവയെ സ്മാർട്ടായി മാറുകയും വൈകാതെ ടെലി മെഡിസിൻ കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്യും. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പത് തരം ലാബ് പരിശോധനകൾക്ക് സൗകര്യമുണ്ടാവും. 36 തരം മരുന്നുകൾ ഇവിടെ നിന്ന് ലഭ്യമാവും. ആശുപത്രികളിൽനിന്ന് ഡിസ്ചാർജാവുന്ന രോഗികളുടെ തുടർപരിചരണം ഇവിടെ ഏറ്റെടുക്കും. കേരളത്തിന്റെ ആേരാഗ്യമേഖലയുമായി ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മാറും. ഇവയോടനുബന്ധിച്ച് ആരോഗ്യ ക്ലബുകൾ രൂപീകരിക്കും. വിവിധ ബോവധത്കരണ പ്രവർത്തനങ്ങൾ, വയോജനങ്ങൾക്കുള്ള സേവനം എന്നിവ ക്ലബുകൾ ഏറ്റെടുക്കും.

സംസ്ഥാനത്തെ എല്ലാ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും ഘട്ടംഘട്ടമായി ജനകീയ ആരോഗ്യ കേന്ദ്രളായി മാറും. ഇത്തരത്തിൽ ജില്ലയിൽ 414 കുടുബക്ഷേമ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക. കുഞ്ഞുങ്ങൾക്ക് പ്രതിരോധകുത്തിവെപ്പുകൾ, കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാക്കൽ, പരിസരശുചിത്വം, ശുദ്ധമായ കുടിവെള്ളം, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് ഇത്തരം കേന്ദങ്ങളുടെ പ്രധാന പ്രവർത്തന മേഖലകൾ. രോഗികൾക്കുളള കാത്തിരിപ്പ് കേന്ദ്രം, ക്ലിനിക്ക്, ഓഫീസ് റൂം, മുലയൂട്ടൽ കോർണർ, ഗർഭനിരോധന സേവനങ്ങൾ നൽകുന്നതിനുളള മുറി, ശൗചാലയം, സ്റ്റോർ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ ഇവിടെ ഉറപ്പുവരുത്തുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരെ കൂടാതെ മിഡ് ലവൽ സർവ്വീസ് പ്രൊവൈഡർ തസ്തികയിൽ നഴ്‌സിംഗ് പരിശീലനം നേടിയവരേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *