സംസ്കൃത സര്‍വ്വകലാശാലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഡ്യൂവല്‍ പി ജി പ്രോഗ്രാം

Spread the love

സംസ്കൃത സര്‍വ്വകലാശാലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍  ഡ്യൂവല്‍ പി ജി പ്രോഗ്രാം; അവസാന തിയതി ജൂണ്‍ അഞ്ച്.

സുനാമി ദുരന്തം ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഉയര്‍ന്നുകേട്ട ഒരു പേരാണ് ‘ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്’. ദുരന്തമെത്തിയപ്പോള്‍ ഏവരും ഓര്‍ത്തു ‘ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധരുണ്ടായിരുന്നെങ്കില്‍’. ദുരിതങ്ങള്‍ ലോകത്തെ വിട്ടൊഴിയാതെ നില്‍ക്കുകയാണ്. യുദ്ധങ്ങള്‍, കൊറോണ, ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മലയിടിച്ചില്‍, ബോട്ട് അപകടം, സുനാമി, … ഇങ്ങനെ ഒട്ടേറെ ദുരിതങ്ങള്‍ കടന്നുപോയി. ഇവിടെയാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധരുടെ സേവനം വേണ്ടത്.

എന്താണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്?

അത്യാഹിതങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോള്‍ ദുരന്തഭൂമിയില്‍ ജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നടത്തുന്ന അടിയന്തര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും കാര്യനിര്‍വഹണത്തിന്റെ ചുമതല നിര്‍വഹിക്കുകയുമാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചെയ്യുന്നത്. പ്രകൃതിക്ഷോഭങ്ങള്‍ മൂലം അത്യാഹിതങ്ങള്‍ അടിക്കടി സംഭവിക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. ഇവിടത്തെ ഭൂരിഭാഗം ദുരന്തങ്ങളും പ്രവചനാതീതമാണ്. നിനച്ചിരിക്കാതെ വന്നെത്തുന്ന മഹാദുരന്തങ്ങളെ നേരിടാനും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്തെ പ്രഫഷണലുകള്‍ക്ക് കഴിയും.

ദുരന്തങ്ങളെ മുന്‍കൂട്ടി അറിയണം; നേരിടണം

ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പ്രധാനമായും രണ്ടു തലങ്ങളുണ്ട്. അത്യാഹിതങ്ങള്‍ക്ക് മുമ്പുള്ള മാനേജ്‌മെന്റും അത്യാഹിതങ്ങള്‍ക്കു ശേഷമുള്ള മാനേജ്‌മെന്റും. അത്യാഹിതങ്ങള്‍ക്ക് മുമ്പുള്ള മാനേജ്‌മെന്റിനെ ‘റിസ്‌ക് മാനേജ്‌മെന്റ്’ എന്നു വിളിക്കുന്നു. ഇതിന് മൂന്നു ഘടകങ്ങളുണ്ട്.

1. വിപത്ത് തിരിച്ചറിയുക
2. വിപത്ത് കുറയ്ക്കുക
3. വിപത്ത് നീക്കം ചെയ്യുക.

ഏതു വിപത്തിനെയും നേരിടുന്നതിനു വേണ്ട പ്രഥമവും പ്രധാനവുമായ നടപടി വിപത്തിനെ തിരിച്ചറിയുന്നതില്‍ നിന്നുമാണ് ആരംഭിക്കുന്നത്. അത്യാഹിതത്തിന്റെ സ്വഭാവത്തെയും ദൈര്‍ഘ്യത്തെയും സ്ഥലകാലങ്ങളെയും ആസ്പദമാക്കി മാത്രമേ അതിനെ വിലയിരുത്താ നാവുകയുള്ളൂ. അത്യാഹിതം നടന്ന സ്ഥലത്തെ ജനങ്ങളില്‍നിന്നും ലഭിക്കുന്ന വിവര ങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെ അവസ്ഥയെയും പരിഗണിച്ചുകൊണ്ടു മാത്രമേ ഒരു ഡിസാസ്റ്റര്‍ മാനേജര്‍ക്ക് പ്രവര്‍ത്തിക്കാനാവുകയുള്ളൂ.

ഇങ്ങനെ എത്തിച്ചേരുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിപത്തുകളെ തരണം ചെയ്യാന്‍ പാകത്തിലുള്ള പ്രോജക്ടുകള്‍ ആവിഷ്‌കരിക്കുന്നത്. അത്യാഹിതങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അവയുടെ സാധ്യതകളെ മനസിലാക്കി നേരിടുന്നതിനാവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സഹായകമാണ്. മനുഷ്യ വിഭവശേഷി, സാമ്പത്തികം എന്നിങ്ങനെ ഘടനാപരമായ സംഗതികളും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പരിധിയില്‍ വരുന്നു.

ഡിസാസ്റ്റര്‍ വിദഗ്ദ്ധരാകാം

വാസ്തവത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്രസക്തിയും പ്രാധാന്യവും കൂടുന്നത് അത്യാഹിതത്തിന് ശേഷമാണ്. അത്യാഹിതം തകര്‍ത്തെറിഞ്ഞവ, പുനര്‍ നിര്‍മിച്ചുകൊണ്ട് ജനജീവിതം സാധാരണ നിലയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന ചുമതല. അത്യാഹിതം സംഭവിച്ച സ്ഥലത്ത് ആവശ്യമായ എല്ലാ സഹായങ്ങളും യഥാസമയം ലഭ്യമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സിവില്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ടെലികമ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റു കള്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങി അത്യാഹിത ഭൂമിയില്‍ അടിയന്തര സേവനം നല്‍കുന്ന പ്രഫഷണലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡിസാസ്റ്റര്‍ മാനേജര്‍മാരാണ്.

അത്യാഹിതത്തിന്റെ ആഴവും പരപ്പും അളന്ന് അതിന്റെ സ്വഭാവത്തെ നിര്‍ണയിക്കുക, നാശനഷ്ടങ്ങള്‍ കണക്കാക്കുക എന്നിവ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചെയ്യുന്നു. സാധാരണയായി അത്യാഹിതത്തെ വിലയിരുത്തുന്നത് ഒന്നിലധികം സ്വതന്ത്ര സംഘടനകളായതുകൊണ്ട് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഈ രംഗത്ത് ഏകാത്മക സമീപനം രൂപവത്കരിക്കുന്നു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിത്യജീവിതത്തില്‍ നാമോരോരുത്തരും നിര്‍വഹിക്കാറുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള ഉറച്ച മനസുണ്ടെങ്കില്‍ എത്ര വിഷമം പിടിച്ച സന്ദര്‍ഭത്തിലും ഒട്ടും വിരസതയില്ലാതെ ദിവസം മുഴുവന്‍ ജോലിചെയ്യാന്‍ കഴിയും.

തൊഴില്‍ സാധ്യതകള്‍

ദുരന്തനിവാരണ സംവിധാനങ്ങള്‍ രൂപകല്പന ചെയ്യുന്നതും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതും ഉത്തരവാദിത്തമേറിയ കൃത്യങ്ങളാണ്. സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുവാന്‍ അറിവും നൈപുണിയും മാത്രം പോര, ഉത്സാഹവും ചുറുച്ചുറുക്കും ധൈര്യവും പെട്ടെന്ന് തീരുമാനങ്ങളെടുക്കുവാനുള്ള കഴിവും കൂടിയേ തീരൂ.
അടിയന്തര സേവനങ്ങള്‍, നിയമ നിര്‍വ്വഹണ വകുപ്പുകള്‍, ദുരിതാശ്വാസ ഗ്രൂപ്പുകള്‍, പ്രാദേശിക അധികാരികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ മേഖലകളില്‍ ദുരന്ത നിവാരണ പ്രൊഫഷണലുകള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളുണ്ട്. കൂടാതെ, ദുരന്തനിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ, എന്‍ ജി ഒ സ്ഥാപനങ്ങളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ വിവിധ തൊഴിലുകള്‍ ലഭ്യമാണ്. ഐക്യരാഷ്ട്രസഭ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ബാങ്ക്, റെഡ് ക്രോസ്സ് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളും ദുരന്തനിവാരണ വിദഗ്ധരെ നിയമിക്കുന്നു. ട്രെയിനികള്‍, അസിസ്റ്റന്റുമാര്‍, വിദഗ്ധര്‍, ഗവേഷകര്‍, അനലിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, മെഡിക്കല്‍ ഹെല്‍ത്ത് വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി വിദഗ്ധര്‍, പുനരധിവാസ വിദഗ്ധര്‍ തുടങ്ങി വിവിധ തലങ്ങളില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ദുരന്തനിവാരണ മാനേജ്മെന്റ് ബിരുദധാരികള്‍ക്ക് അഗ്നിശമന – പോലിസ് വകുപ്പുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെട്രോളിയം, കെമിക്കല്‍ വ്യവസായം, ഖനന വ്യവസായ മേഖലകളിലും തൊഴില്‍ ലഭ്യമാണ്.
ദുരന്തനിവാരണ മാനേജ്മെന്റിൽ യോഗ്യത നേടിയവരെ നിയമിക്കുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ അനേകം ജോലി സാധ്യതകള്‍ നല്‍കുന്നു.

സംസ്കൃത സര്‍വ്വകലാശാലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഡ്യൂവല്‍ പി ജി പ്രോഗ്രാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം; പ്രായപരിധിയില്ല

മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് മിറ്റിഗേഷൻ എന്നാണ് കോഴ്സിന്റെ പേര്. അപേക്ഷകർക്ക് നാല് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഡ്യൂവൽ ഡിഗ്രി ലഭ്യമാകുന്ന വിധമാണ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ‍് മിറ്റിഗേഷനിൽ സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് ഡിസിപ്ലിനുകളിൽ ബിരുദാനന്തര ബിരുദമാണ് ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. നാല് ഡിസിപ്ലിനുകളിൽ ഏത് വേണമെങ്കിലും മുൻഗണന പ്രകാരം അപേക്ഷകർക്ക് തെരഞ്ഞെടുക്കാം. ഒരു ഡിസിപ്ലിനിൽ പത്ത് സീറ്റുകൾ വീതം ആകെ 40 സീറ്റുകൾ. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അപേക്ഷകൾ ഓൺലൈനായി മാത്രം

ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി ജൂൺ അഞ്ച്. ജൂലൈ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദ‍ർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *