വ്യവസായ മന്ത്രിക്കുള്ള മറുപടി – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം .

1) മന്ത്രി പറഞ്ഞത്: സി.വി.സി മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ നല്‍കിയത്.

ടെന്‍ഡറില്‍ കാര്‍ട്ടല്‍ രൂപീകരണം അനുവദിക്കാന്‍ പാടില്ലെന്നതാണ് സി.വി.സി മാര്‍ഗനിര്‍ദ്ദേശം. പക്ഷെ ഇവിടെ കെല്‍ട്രോണ്‍ അറിഞ്ഞുകൊണ്ടാണ് കാര്‍ട്ടല്‍ രൂപീകരിച്ചത്. മന്ത്രി പത്രസമ്മേളനത്തില്‍ ഇതിനെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.

എസ്.ആര്‍.ഐ.ടിയോടൊപ്പം ടെന്‍ഡറില്‍ പങ്കെടുത്ത രണ്ട് കമ്പനികളും അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവയാണ്. L2 ആയ അശോക ബില്‍ഡ്‌കോണ്‍ കെ ഫോണ്‍ പദ്ധതിയില്‍ എസ്.ആര്‍.ഐ.ടിയുടെ ഉപകരാര്‍ നേടിയ സ്ഥാപനമാണ്. എസ്.ആര്‍.ഐ.ടി കെല്‍ട്രോണിന് സമര്‍പ്പിച്ച രേഖകളില്‍ അക്ഷര കമ്പനിയുമായി(L3) ചേര്‍ന്ന് ആന്ധ്രാ പദേശില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ പദ്ധതിയില്‍ അക്ഷരയുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ടെന്നാണ് എസ്.ആര്‍.ഐ.ടി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ രേഖയാണ് ഇന്ന് പുറത്ത് വിടുന്നത്.

2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച അക്ഷര കമ്പനി എങ്ങിനെ ടെന്‍ഡറില്‍ പങ്കെടുത്തെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരമാണ് വ്യവസായ മന്ത്രി നല്‍കിയത്. അവര്‍ 2010 മുതല്‍ പ്രവത്തനം തുടങ്ങിയെന്നാണ് മന്ത്രി പറയുന്നത്. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത് 2017 ലാണ്. ഈ സ്ഥാപനം നല്‍കിയ ഏതോ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി അവാസ്തവം പ്രചരിപ്പിക്കുകയാണ്.

2) മന്ത്രി പറഞ്ഞത്: ഉപകരാര്‍ നല്‍കിയതില്‍ തെറ്റില്ല

സാമഗ്രികള്‍ വാങ്ങുന്ന കരാറുകളില്‍ ചിലപ്പോള്‍ ടെന്‍ഡര്‍ ലഭിച്ച സ്ഥാപനങ്ങള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കേണ്ടി വരും എന്നാല്‍ സാങ്കേതിക മികവിന്റെ അടിസ്ഥാനത്തില്‍ നേടിയ ടെന്‍ഡര്‍ മൊത്തമായും ‘sub-let’ ചെയ്യുന്നത് നിയമവിരുദ്ധമാണ്. കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം ‘data security, data integrity, configuration of the equipment, facility management ‘ അടങ്ങുന്ന സുപ്രധാനമായ പ്രവര്‍ത്തികള്‍ ഉപകരാര്‍ നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെല്‍ട്രോണ്‍ നല്‍കിയ എല്ലാ പ്രവര്‍ത്തികളും എസ്.ആര്‍.ഐ.ടി മറ്റ് കമ്പനികള്‍ക്ക് ഉപകരാറായി നല്‍കി. എന്നിട്ട് 6 ശതമാനം നോക്ക്കൂലി വാങ്ങി എസ്.ആര്‍.ഐ.ടി പദ്ധതി നടത്തിപ്പില്‍ നിന്നും മാറി നില്‍ക്കുകയാണ്.

3) ഉപകരാര്‍ നല്‍കിയതിനെ കുറിച്ച കെല്‍ട്രോണിന് അറിയേണ്ട കാര്യമില്ല. അത് കരാറിന്റെ ഭാഗമാകണമെന്നില്ല.

ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം ഉപകരാര്‍ നല്‍കാവുന്ന പ്രവര്‍ത്തികള്‍ പരിമിതപ്പെടുത്തുകയും ഉപകരാര്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് കെല്‍ട്രോണ്‍ അംഗീകാരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എല്ലാം കെല്‍ട്രോണ്‍ അറിയണമെന്നാണ് എഴുതിവച്ചിരിക്കുന്നത്. ടെന്‍ഡര്‍ ഡോക്യുമെന്റ് വായിച്ചിരുന്നെങ്കില്‍ മന്ത്രി ഇങ്ങനെ പറയില്ലായിരുന്നു. ടെന്‍ഡര്‍ ഡോക്യുമെന്റിന് വിരുദ്ധമായാണ് മന്ത്രി സംസാരിച്ചത്.

ഉപകരാര്‍ നല്‍കിയതിനെ കുറിച്ച് കെല്‍ട്രോണ്‍ അറിയേണ്ടതില്ലെങ്കില്‍ എസ്.ആര്‍.ഐ.ടിയുമായി ഉണ്ടാക്കിയ കരാറില്‍ അല്‍ഹിന്ദ്, പ്രസാഡിയോ എന്നീ കമ്പനികളുടെ പേരുകള്‍ ചേര്‍ത്തത് എന്തിനായിരുന്നു? ഒരു മുതല്‍മുടക്കും നടത്താത്ത പ്രസാഡിയോ കമ്പനിക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനുള്ള സൗകര്യമാണ് ഈ ഉപകരാറിലൂടെ കെല്‍ട്രോണ്‍ ഉണ്ടാക്കിക്കൊടുത്തത്.

നിയമപ്രകാരം കെല്‍ട്രോണ്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കേണ്ടത് എസ്.ആര്‍.ഐ.ടിയില്‍ നിന്നായിരുന്നു. എന്നാല്‍ അല്‍ഹിന്ദ് എന്ന കമ്പനിയാണ് മൂന്ന് കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത്. ഇത് ഇപ്പോഴും തിരിച്ച് നല്‍കിയിട്ടില്ല. ഉപകരാര്‍ കെല്‍ട്രോണ്‍ അറിയേണ്ട കാര്യമില്ലെങ്കില്‍ പിന്നെ അല്‍ഹിന്ദില്‍ നിന്നും പണം വാങ്ങിയത് എന്തിനാണ്? മന്ത്രി പറയുന്ന കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്.

കെല്‍ട്രോണ്‍ എം.ഡിയെ പോലെ സംസാരിക്കുന്ന വ്യവസായമന്ത്രി ഏഴ് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി നല്‍കണം;

1. 04.07.2019 ലെ ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി അക്രെഡിറ്റഡ് ഏജന്‍സികളെ നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരം ട്രാഫിക് സിഗ്‌നലിങ് സിസ്റ്റം ഉള്‍പ്പെടെ നടപ്പാക്കുന്നതില്‍ കെല്‍ട്രോണിനെ നോണ്‍ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായായാണ് നിയമിച്ചിരിക്കുന്നത്. അതായത് കെല്‍ട്രോണിനെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ സാധിക്കില്ല. ഈ ഉത്തരവ് നിലനില്‍ക്കേ സേഫ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി കെല്‍ട്രോണിനെ ഗതാഗത വകുപ്പ് നിയമിച്ചത് എന്തിന്?

2. ധനവകുപ്പിന്റെ 03.08.2018 ലെ ഉത്തരവനുസരിച്ച് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കെല്‍ട്രോണിനെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റാക്കി അതത് വകുപ്പുകള്‍ തന്നെ സംഭരിക്കണം. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി കെല്‍ട്രോണ്‍ ഉപകരണങ്ങള്‍സംഭരിച്ചതങ്ങനെ?

3. ഗതാഗത വകുപ്പ്, കെല്‍ട്രോണ്‍, എസ്.ആര്‍.ഐ.ടി, പ്രസാഡിയോ എന്നിവരില്‍ ആരാണ് ഗതാഗതനിയമ ലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നത്?

4. പദ്ധതിയിലെ ചില പ്രവര്‍ത്തികള്‍ കെല്‍ട്രോണ്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഇക്കാര്യം ടെന്‍ഡര്‍ ഡോക്യുമെന്റില്‍ എവിടെയാണ് വ്യക്തമാക്കിയിരിക്കുന്നത്?

5. ടെന്‍ഡറില്‍ പങ്കെടുത്ത ഗുജറാത്ത് കമ്പനിക്ക് സാങ്കേതിക യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരുന്നു. അശോക് ബിഡ്‌കോണും അക്ഷരയും എങ്ങനെയാണ് സാങ്കേതിക യോഗ്യത നേടിയത്. സി.വി.സി നിര്‍ദ്ദേശത്തിന് വിരുദ്ധമായി സാങ്കേതിക യോഗ്യത ഇല്ലാത്ത കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയത് എന്തികൊണ്ടാണ്?

6. ജി.എസ്.ടിയായി 25 കോടി സര്‍ക്കാരിന് കിട്ടിയെന്നാണ് മന്ത്രി അവകാശപ്പെട്ടത്. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ടാണോ ഈ ജി.എസ്.ടിയെന്ന പരിശോധിച്ച് ഇനം തിരിച്ച് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണോ?

7. പദ്ധതിക്കായി നികുതി ഉള്‍പ്പെ 151കോടി മുടക്കിയെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ കമ്പനികള്‍ നടത്തിയ ബാങ്ക് പണമിടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാരിനെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ട് എഴുതി വാങ്ങിയത്. റിപ്പോര്‍ട്ട് കൊടുക്കാതായപ്പോള്‍ റവന്യൂ വകുപ്പിലേക്ക് ആരോഗ്യ വകുപ്പിലേക്കും സ്ഥലം മാറ്റി. റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായി പുനസ്ഥാപിച്ചു. ഇതൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ്. എത്ര മിണ്ടാതിരുന്നാലും മുഖ്യമന്ത്രി ഇതിനൊക്കെ മറുപടി പറയേണ്ടി വരും. അല്‍ഹിന്ദുമായും ലൈറ്റ് മാസ്റ്ററുമായുള്ള യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടുണ്ട്. അന്വേഷണം നടത്തുന്ന ഏജന്‍സിക്ക് മുന്‍പാകെ അതിനുള്ള തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷം തയാറാണ്. പ്രസാഡിയോയുമായി ഒരു ബന്ധവുമില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് ഇന്നലെ ഒന്നും മിണ്ടിയില്ല.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കുകളൊന്നും പാലിച്ചിട്ടില്ല. വന്യജീവികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്. നൂറു കണക്കിന് പേരാണ് വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നത്. പതിനായിരക്കണക്കിന് കൃഷിയിടങ്ങളിലാണ് വന്യജീവി ശല്യമുണ്ടാകുന്നത്. എന്നിട്ടും ഒന്നും വനം വകുപ്പ് മന്ത്രി ഒന്നും ചെയ്യുന്നില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വൈദികര്‍ ആ മേഖലയിലെ ജനങ്ങളുടെ ഭീതിയാണ് പങ്കുവയ്ക്കുന്നത്. വീടിന്റെ വരാന്തയില്‍ ഇരുന്നയാളെയാണ് കാട്ടുപോത്ത് കുത്തി മലര്‍ത്തിയത്. വനമേഖലയിലുള്ള ജനങ്ങളുടെ അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും സങ്കല്‍പിക്കാന്‍ സാധിക്കാത്തതാണ്. അതിനെതിരെ ബിഷപ്പുമാര്‍ പ്രതിഷേധിക്കുന്നത് എന്ത് തെറ്റാണ്. മന്ത്രി അസ്വസ്ഥനാകുന്നത് എന്തിനാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ പദ്ധതികള്‍ക്ക് ഏഴ് വര്‍ഷത്തിനിടെ ഒരു തുടര്‍ച്ചയുണ്ടായില്ല. അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നം രണ്ട് വര്‍ഷവും പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. ഇത്തവണ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നാണ് വിദ്യഭ്യാസമന്ത്രി ഉറപ്പ് നല്‍കിയത്. പുതിയ സീറ്റുകള്‍ അനുവദിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ പഠിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ 99 ശതമാനം വിജയം ഉണ്ടായെന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്.

എന്റെ വസതിയില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും വരാറുണ്ട്. പക്ഷെ ക്ലിഫ് ഹൗസില്‍ പോകാനോ സെക്രട്ടേറിയറ്റില്‍ കയറാനോ പറ്റില്ല. എന്നോട് ഒരു മണിക്കൂറൊക്കെ ചോദ്യം ചോദിക്കാനും പറ്റും. പക്ഷെ മുഖ്യമന്ത്രിയോടും ചോദ്യം ചോദിക്കാനും പറ്റില്ല. ഇത്രകാലത്തെ മാധ്യമ പ്രവര്‍ത്തനത്തനിടയില്‍

മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കണമെന്നത് നിങ്ങളുടെ സ്വപ്‌നങ്ങളിലെങ്കിലും ഇല്ലേ? ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയുമൊക്കെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ എവിടെയും കയറി ചെല്ലാമായിരുന്നല്ലോ. പിണറായി പറയുന്നത് പോലെ കോലും നീട്ടിപ്പിടിച്ച് ചെന്നാലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മറുപടി പറയുമായിരുന്നു. നിങ്ങളുടെ സുവര്‍ണകാലമായിരുന്നു അത്. അതാണ് വ്യത്യാസം. അല്ലാതെ പി.വി അന്‍വറിന് ഞാന്‍ മറുപടി നല്‍കേണ്ട കാര്യമില്ല. പിണറായി വിജയന്‍ പണ്ട് മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറഞ്ഞിട്ടുണ്ട്. മറുപടി ഇല്ലാതാകുമ്പോള്‍ വേറെ ചില ആളുകളെ കൊണ്ട് എന്തെങ്കിലുമൊക്കെ പറയിപ്പിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *