കാട്ടുപോത്ത് വിഷയത്തില്‍ വകുപ്പുകള്‍ തമ്മിലടിച്ച് ജനങ്ങളെ വഴിയാധാരമാക്കിയെന്നു കെ. സുധാകരന്‍

Spread the love

പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിച്ച് കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ദയനീയമായി

പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനേ അട്ടിമറിച്ച് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത് വനംവകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്കു നല്കുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നല്കണമെന്നു സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

രണ്ടുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലം സന്ദര്‍ശിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വനമന്ത്രിയോ വനംവകുപ്പ് ഉദ്യോഗസ്ഥരോ തയാറാകാത്തതില്‍ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. അവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര പ്രഖ്യാപനവും നീണ്ടുപോകുന്നു. വൈകാരികമായ അന്തരീക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉന്നതതലയോഗം പോലും വിളിച്ചില്ല. വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പന്ത് കേന്ദ്രത്തിലേക്ക് നീട്ടിയടിക്കുകയാണു ചെയ്തത്. ചക്കിക്കൊത്ത ചങ്കരനെപ്പോലെ കേരളം കണ്ട ട്രാജഡിയാണ് വനംമന്ത്രിയും മുഖ്യമന്ത്രിയും.

യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ്. കണ്ണൂരില്‍ സിപിഎം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യസംവാദത്തിന് സിപിഎം തയാറാണോയെന്നും സുധാകരന്‍ ചോദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *