വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്

Spread the love

കാസർഗോഡ് ജില്ലയിലെ മേല്‍പ്പറമ്പ് കട്ടക്കാലില്‍ സ്വദേശി ഗീതാറാണിക്ക് സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്. ഗീതാറാണിയുടെ സഹോദരന്‍ വസുദേവ, ചെമ്മനാട് പഞ്ചായത്തിലെ ദേളി ഉലൂചിയില്‍ നല്‍കിയ 5 സെന്റ് സ്ഥലത്താണ് ഗീതാറാണിക്ക് വീടൊരുങ്ങുന്നത്. ചെമ്മനാട് സി.ഡി.എസ് നല്‍കുന്ന രണ്ടാമത്തെ വീടാണ് ഒരുങ്ങുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് 100 രൂപ വീതം സ്വരൂപിച്ചാണ് ഏകദേശം എട്ടരലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിക്കുന്നത്.രണ്ടു വര്‍ഷം മുമ്പാണ് ഗീതാറാണിയുടെ ഭര്‍ത്താവ് മരിച്ചത്. ഇരുപതു വയസ്സുള്ള മൂന്ന് മക്കളോടൊപ്പം സഹോദരിയുടെ കുടുംബത്തിനോടൊപ്പമാണ് ഗീതാറാണി താമസിക്കുന്നത്. സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ നിന്ന് ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ബണ്ടിച്ചാല്‍ മണ്ഡലിപ്പാറയില്‍ താമസിച്ചിരുന്ന അംബികയ്ക്ക് ചെമ്മനാട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചുകൊടുത്തിരുന്നു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ സ്‌നേഹഭവനത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, രാജന്‍ കെ പൊയിനാച്ചി, മറിയ മാഹിന്‍, വീണാറാണി, മെമ്പര്‍ സെക്രട്ടറി എം.കെ.പ്രദീഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനീസ പാലോത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, സി.ഡി.എസ് അംഗങ്ങളായ ശശികല, സീനത്ത്, പ്രിയ വിശ്വം തുടങ്ങിയവരും എ.ഡി.എസ് അംഗങ്ങളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *