അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ പുതിയ റെസിഡൻഷ്യൽ ബിൽഡിംഗ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Spread the love

ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അറ്റ്ലാന്റയിൽ ഏകദേശം 42 ഏക്കറോളം വരുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ കർമ്മേൽ മാർത്തോമ്മ സെന്ററിൽ പുതിയതായി നിർമ്മാണം ആരംഭിക്കുന്ന റെസിഡൻഷ്യൽ ബിൽഡിംഗ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ജൂൺ 3 ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവഹിച്ചു.

ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ട്രഷറാർ ജോർജ് പി.ബാബു, വികാരി ജനറാൾ വെരി.റവ.ടി. കെ മാത്യു, റവ. സ്കറിയ വർഗീസ് (വൈസ്. പ്രസിഡണ്ട്‌ കർമ്മേൽ സെന്റർ),ലീ റൈഫൺ (കോൺട്രാക്ടർ) കൂടാതെ ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഭദ്രാസനത്തിലെ എല്ലാ വൈദീകരും, അസംബ്ലി അംഗങ്ങളും ഉൾപ്പെടുന്ന ഒരു വലിയ സദസ്സ് ചടങ്ങിന് സാക്ഷിയായി.

അറ്റ്ലാന്റയിലെ സാൻഡി സ്പ്രിങ്സ് – റോസ്‌വെൽ മെട്രോപൊളിറ്റൻ ഏരിയായിൽ ഓൾഡ് സ്റ്റോൺ മൗണ്ടൻ റോഡിൽ സ്ഥിതിചെയ്യുന്ന കർമ്മേൽ മാർത്തോമ്മാ സെന്റർ ഏകദേശം 2200 ൽ പരം ജനങ്ങൾക്ക് ഇരിപ്പടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200 ൽ പരം പേർക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും, ഇൻഡോർ കോർട്ട് കൂടാതെ 36 ക്ലാസ്സ്റൂം ഉള്ള ബഹുനില സ്കൂൾ കെട്ടിടം തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഉള്ള ഒരു വലിയ കേന്ദ്രം ആണ്.ഏകദേശം

6 മില്യൻ ഡോളർ മുടക്കി വാങ്ങിയ ഈ കേന്ദ്രത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾ എല്ലാം തീർത്ത് പുതിയ റെസിഡൻഷ്യൽ ബിൽഡിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിക്കുന്നത് തികച്ചും ദൈവാനുഗ്രഹവും, വിശ്വാസ സമൂഹത്തിന്റെ ആത്മാർത്ഥമായ സഹകരണവും ഉണ്ടായതുകൊണ്ടാണന്ന് ബിഷപ് ഡോ. മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

2018 സെപ്തംബറിൽ സ്വന്തമാക്കിയ ഈ സ്ഥാപനം ഇന്ന് മാർത്തോമ്മാ സഭയ്ക്ക് നോർത്ത് അമേരിക്കയിൽ എന്നും അഭിമാനിക്കുവാൻ ഇടം നൽകുന്ന ഒരു കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്നത് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.മാർ ഫിലിക്സിനോസിന്റെ പ്രവർത്തന മണ്ഡലത്തിലെ നേതൃപാടവത്തിന് ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ്.

Report :   Shaji Ramapuram

Author

Leave a Reply

Your email address will not be published. Required fields are marked *