പ്രസവശസ്ത്രക്രിയ : ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തയച്ചു

Spread the love

തിരു:പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്തുന്ന ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തയച്ചു.

50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുക, സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ഷിന സമരം ചെയ്യുന്നതെന്ന് അവരെ സന്ദര്‍ശിച്ച രമേശ് ചെന്നിത്തല പറഞ്ഞു.

അഞ്ച് വര്‍ഷം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോഴാണ് ഹര്‍ഷി നയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2023 മാര്‍ച്ച് 4 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ ഹര്‍ഷിനയുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും, കുറ്റക്കാരെ കണ്ടെത്തുമെന്നും 15 ദിവസത്തിനുള്ളില്‍ എല്ലാ ആവശ്യങ്ങളും

അനുവദിക്കുമെന്നും ഉറപ്പു നല്‍കിയതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കേവലം 2 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം
പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഇഴഞ്ഞു നീങ്ങുകയാണ്.. 5 വര്‍ഷം ഹര്‍ഷിനയും കുടുംബവും അനുഭവിച്ച കഷ്ടപ്പാടുകളും, പ്രതിസന്ധികളും കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളള നഷ്ടപരിഹാരത്തുക തികച്ചും അപര്യാപ്തമാണ്. കൂടാതെ ആഭ്യന്തര അന്വേഷണവും കാര്യക്ഷമമല്ല. ഡോക്ടര്‍മാരുടെ വീഴ്ച്ചയെ തുടര്‍ന്നുണ്ടായ രോഗവും ദുരിതവും കാരണം ഇവരുടെ കുടുംബ ജീവിതം പോലും താളം തെറ്റി. ഭര്‍ത്താവിന്റെ ഉപജീവനം ഉള്‍പ്പെടെ മുടങ്ങി. ജീവിതം ഒരു തരത്തിലും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത്ര കടുത്ത ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടുകയാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ച്ചമൂലമുണ്ടായ ഈ പ്രതിസന്ധിയില്‍ നിന്നും ഈ കുടുംബത്തെ കരകയറ്റേണ്ട ധാര്‍മ്മികവും, ഭരണപരവുമായ ബാധ്യത സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഇപ്പോള്‍ നടന്നുവരുന്ന ആഭ്യന്തര അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *