എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു : പ്രതിപക്ഷ നേതാവ്

Spread the love

കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നു; സോളര്‍ കമ്മീഷന്‍ നടത്തിയത് കോമാളിത്തരങ്ങള്‍; കാലം കണക്ക് ചോദിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്.

മലപ്പുറം : അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നത്? മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എന്‍.ഐ.സി റിപ്പോര്‍ട്ട് വന്നു

കഴിഞ്ഞാല്‍ അധ്യാപകര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. എന്‍.ഐ.സി നല്‍കിയ ഫലത്തില്‍ ആര്‍ഷോയുടെ പേരുള്ളത് വകുപ്പ് മേധാവികള്‍ പരിശോധിച്ചില്ലേ? പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചത്.

രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. ഇപ്പോള്‍ ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഈ പെണ്‍കുട്ടി. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഘത്തിനൊപ്പം എപ്പോഴും ഉണ്ടായിരുന്ന ആളാണ് ഈ പെണ്‍കുട്ടി. പി.എച്ച്.ഡി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്ന എസ്.സി എസ്.ടി സെല്ലിന്റെ റിപ്പോട്ട് അട്ടിമറിച്ചത് കാലടി സര്‍വകലാശാലയിലെ വൈസ് ചാന്‍സലറാണ്. അന്ന് വി.സിയെ സ്വാധീനിച്ച സി.പി.എം നേതാക്കള്‍, ഇപ്പോള്‍ വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടു നിന്ന എസ്.എഫ്.ഐ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വാഴക്കുല തീസിസ് കൊടുത്തയാളിന് എതിരെയും നടപടിയില്ല. എസ്.എഫ്.ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത ഇല്ലാതാക്കിയിരിക്കുകയാണ്. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാം, പരീക്ഷ എഴുതാതെ വിജയിക്കാം, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്ന എസ്.എഫ്.ഐക്ക് സി.പി.എമ്മും സര്‍ക്കാരും കുടപിടിച്ച് കൊടുക്കുകയാണ്.

സോളര്‍ കമ്മീഷന്‍ നടത്തിയത് കോമാളിത്തരങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സി.ഡി എടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോയത് ഉള്‍പ്പെടെ എന്തെല്ലാം കോമാളിത്തരങ്ങളും നാടകങ്ങളുമാണ് നടത്തിയത്. മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഹേമചന്ദ്രന്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതൊക്കെ വാസ്തവമാണ്. ശിവരാജന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്തിട്ട് എന്തായി? അതുകൊണ്ടാണ് കാലം നിങ്ങളുടെ മുന്നില്‍ വന്ന് കണക്ക് ചോദിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ ഒരു സ്ത്രീ വന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *