കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഇൻഷുറൻസ് എടുക്കണം

Spread the love

പൊന്നാനി തീരസദസ്സിൽ ലഭിച്ചത് 402 പരാതികൾമലപ്പുറം ജില്ലയിൽ പൊന്നാനി എം.ഇ.എസ് കോളേജിൽ സംഘടിപ്പിച്ച തീരസദസ്സ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മത്സ്യമേഖലയ്ക്ക് മുന്തിയ പരിഗണന കൊടുത്ത് അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പതിനാറായിരം കോടി രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഫിഷറീസ് വകുപ്പ് മാത്രം ഈ ഏഴു വർഷത്തിനകം നടപ്പിലാക്കി. അതിന്റെ ഫലമായി തീര മേഖലയിലും മത്സ്യമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടായതായും അതിനെ സമ്പൂർണ്ണമായ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങളാണ് സർക്കാർ അടുത്ത മൂന്ന് വർഷം നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.തീരസംരക്ഷണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും 21000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെങ്ങും പുനർഗേഹം ഫ്ലാറ്റുകൾ നിർമിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.അപകടരഹിതമായ മത്സ്യബന്ധനമാണ് സർക്കാരിന്റെ ലക്ഷ്യം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണം. കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണം. മത്സ്യമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുക എന്ന കാര്യത്തിൽ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.

പി. നന്ദകുമാർ എം.എൽ എ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കളക്ടർ കെ. മീര, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, എ.ഡി.എം. എൻഎം. മെഹറലി, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, പഞ്ചായത്ത് പ്രസിഡന്റ് മാരായ ബിനീഷ മുസ്തഫ, ഷംസു കല്ലാടേയിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *