നിഹാല്‍ നൗഷാദ് സര്‍ക്കാര്‍ അനാസ്ഥയുടെ രക്തസാക്ഷി : രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം : കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മോന്‍ ദാരുണമായി കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ അനാസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ആ കുരുന്ന്. വേദനാജനകമായ മരണത്തില്‍ യഥാര്‍ത്ഥ പ്രതി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.

സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് നിരവധി സംഭങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നാം കണ്ടതാണ്. നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്തിട്ടും സര്‍ക്കാര്‍ തെരുവ് നായകളുടെ ആക്രമണങ്ങള്‍ തടയുന്ന കാര്യത്തില്‍ ഒരടി മുന്നോട്ട് പോയില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് പോലും നല്‍കിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. അവസാനം നിഹാല്‍ എന്ന പിഞ്ച് ബാലന്റെ ജീവന്‍ തന്നെ ബലി കൊടിക്കേണ്ടി വന്നിരിക്കുന്നു.

ഇവിടെ ജനം ഭീതിയില്‍ കഴിയുകയാണ്. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയുന്നില്ല. നായകളെ പിടികൂടാനുള്ള പദ്ധതികള്‍ എങ്ങുമെത്താത്ത അവസ്ഥയിലാണ്.

ഗുണനിലവാരമില്ലാത്ത വാക്‌സിന്‍ വിതരണം ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലും നടപടി എടുക്കാത്ത സര്‍ക്കാര്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പടെ തെരുവ് നായകള്‍ക്ക് എറിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്.

സര്‍ക്കാരിന് താത്പര്യം സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെ പോക്കറ്റ് നിറയ്ക്കുന്ന പദ്ധതികളില്‍ മാത്രമാണ്. മനുഷ്യത്വം തൊട്ട് തീണ്ടാത്ത പിണറായി സര്‍ക്കാരിന് മനുഷ്യന്റെ ജീവന് പുല്ല് വിലയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *