ഡാളസിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി – സാം മാത്യൂസ്

Spread the love

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ നിന്നും കാണാതെയായ മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിനെ കാണാതായ വിവരം ഭാര്യ, പ്രാദേശിക പോലീസ് ഓഫീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസും, സുഹൃത്തുക്കളും തിരച്ചിൽ നടത്തി വരവെ ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആണ് സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും ഭൗതിക ശരീരം കണ്ടെത്തിയത്.

സ്ഥലത്ത് എത്തിയ പോലീസ് അധികാരികളും, അഗ്നിശമനാ പ്രവർത്തകരും ശരീരം വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. മൃതദേഹം ജീർണിച്ചു തുടങ്ങിയതിനാൽ വ്യക്തമായ തിരിച്ചറിവിനായി ശാസ്ത്രീയ പരിശോധനയ്ക്ക് മെഡിക്കൽ എക്സാമിനറിന്റെ ഓഫീസിലേക്ക് ജഡം മാറ്റി. രാസ പരിശോധനകൾക്ക് ശേഷമാണ് പോലീസ്, മൃതദേഹം കാണാതെയായ സണ്ണിയുടേതെന്ന് സ്ഥിരീകരിച്ച വിവരം അധികാരികൾ ബന്ധുക്കളെ അറിയിച്ചത്. മരണപ്പെട്ട സണ്ണി, മറവി രോഗം (dementia) ബാധിതനായിരുന്നതായി ഭാര്യ പോലീസിൽ കൊടുത്ത തിരോധാന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. മരണത്തിൽ അസ്വഭാവികതകൾ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമന റിപ്പോർട്ട്.
മരണപ്പെട്ട സണ്ണി ജേക്കബ്ബും, കുടുംബവും ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്. പരേതന് രണ്ട് മക്കൾ ഉണ്ട്. സംസ്കാരം പിന്നീട്.

Author

Leave a Reply

Your email address will not be published. Required fields are marked *