അര്‍ഹരായ എല്ലാവർക്കും ഭൂമി: സംസ്ഥാനത്ത് ‘പട്ടയ അസംബ്ലി’ ചേരും

Spread the love

പട്ടയ മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എ-മാരുടെ നേതൃത്വത്തില്‍ ‘പട്ടയ അസംബ്ലി’ ജൂലായ് 5 ന് സംഘടിപ്പിക്കും. സംസ്ഥാനത്ത് രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ ആരംഭിച്ചത്. പട്ടയ അസംബ്ലിയുടെ സംസ്ഥാന തല ഉദ്ഘാടനം നെടുമങ്ങാട് മണ്ഡലത്തില്‍ മന്ത്രി കെ രാജൻ നിര്‍വ്വഹിക്കും.
വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും, വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങൾ പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും. ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. പട്ടയ സഭകളില്‍ പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങള്‍ പരിഹരിച്ച് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും.
സംസ്ഥാനത്തെ മുഴുവന്‍ പട്ടയ അസംബ്ലികളും ആഗസ്റ്റ് 20-നു മുമ്പ് യോഗം ചേരും. സംസ്ഥാനത്ത് കോളനികളില്‍ താമസിക്കുന്ന പട്ടയമില്ലാത്ത വലിയ വിഭാഗം കുടുംബങ്ങളെ ഇതിനകം തന്നെ പട്ടയ മിഷന്റെ ഭാഗമായി കണ്ടെത്തി പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂപതിവ് ഉത്തരവ് ലഭിച്ച ശേഷം അജ്ഞത മൂലം ഭൂമി വില അടയ്ക്കാത്ത കൈവശക്കാര്‍ക്ക് ഭൂമി വില അടയ്ക്കാനുളള ഉത്തരവ് നല്‍കി പട്ടയം നല്‍കും. ഫ്ലാറ്റ് പോലെയുളള സംവിധാനങ്ങളില്‍ വീടുകള്‍ നല്‍കിയിട്ടുളള കുടുംബങ്ങള്‍ക്ക് ഭൂമിയിലുളള കൂട്ടവകാശം രേഖപ്പെടുത്തുന്ന നിലയില്‍ പട്ടയം നല്‍കും. പട്ടയ ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അകാല കൈമാറ്റം നടത്തിയിട്ടുളള കേസുകളില്‍ നിലവിലുളള കൈവശക്കാര്‍ അര്‍ഹരാണെങ്കില്‍ അവര്‍ക്ക് പട്ടയം നല്‍കാനുളള നടപടി സ്വീകരിക്കും. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ നിയമ സഭാ സമാജികര്‍ വരെയുളള ജന പ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷന്‍ എന്ന ദൗത്യം വിജയിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *