തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു

Spread the love

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളതും പ്രതിവര്‍ഷം ഒമ്പത് ലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുന്നതുമായ മെഷീന്‍ ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ് & അനലിറ്റിക്സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് (MERN), ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് (MEAN), ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് (ജാവ), സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, സൈബര്‍ ഭീഷണികളെ നേരിടുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പ് ഉറപ്പാക്കുന്നതിനുമായുള്ള സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, 2ഡി/3ഡി ഗയിം എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യാനും https://ictkerala.org/registration എന്ന ലിങ്ക് സന്ദർശിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നോളജ് ഇക്കോണമി മിഷൻ്റെ 75% വരെയുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കും. കോഴ്സില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലിങ്ക്ഡ്ഇന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ കരിയറിലെ പുത്തന്‍ പ്രവണതകള്‍ക്കനുസൃതമായി 14,000 ലധികം സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ സൗജന്യമായി പഠിക്കാനും എംപ്ലോയബിലിറ്റി സ്‌കില്‍സ് ട്രെയിനിംഗില്‍ പങ്കെടുക്കാനും സാധിക്കും. മാത്രമല്ല, 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭിക്കും. എഞ്ചിനീയറിംഗ് / സയന്‍സ് ബിരുദധാരികള്‍ക്കും അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ, ഗണിതത്തിലും കമ്പ്യൂട്ടര്‍ വിഷയങ്ങളിലും അടിസ്ഥാന പരിജ്ഞാനമുള്ള (പ്ലസ് ടു തത്തുല്യം) വിദ്യാര്‍ത്ഥികള്‍ക്കും ഈ പ്രോഗ്രാമുകളിലേക്ക് ജൂലൈ 25-ന് മുമ്പ് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് പരീക്ഷ ജൂലൈ 29-ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 75940 51437 എന്ന നമ്പറിലോ info@ictkerala.org എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *