ഹൈബി ഈഡന്‍ എംപിയുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയെക്കുറിച്ച് സംവാദം സംഘടിപ്പിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി

Spread the love

കൊച്ചി: ആര്‍ത്തവ ദിനങ്ങളില്‍ സാനിറ്ററി പാഡുകള്‍ക്ക് ബദലായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡന്‍ എംപി ആരംഭിച്ച ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയെക്കുറിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി സംവാദം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റിയുടെ എംഎസ്‌സി ഹെല്‍ത്ത് സയന്‍സില്‍ കപ്പ് ഓഫ് ലൈഫ് പദ്ധതി കേസ് സ്റ്റഡിയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഹൈബി ഈഡന്‍ എംപിയെ പങ്കെടുപ്പിച്ചുകൊണ്ട് സംവാദം സംഘടിപ്പിച്ചത്. പരിപാടിയില്‍ ഹൈബി ഈഡന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

തന്റെ നിയോജകമണ്ഡലമായ എറണാകുളത്ത് നടപ്പാക്കിയ പദ്ധതിക്ക് സ്ത്രീകളില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സാനിറ്ററി നാപ്കിനെ അപേക്ഷിച്ച് മെന്‍സ്ട്രല്‍ കപ്പുകള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശരിയായി സംസ്‌കരിക്കാത്ത സാനിറ്ററി നാപ്കിനുകള്‍ ഭൂമിയെ വിഷമയമാക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമുഖ ബ്രിട്ടിഷ് വിദ്യാഭ്യാസ കമ്പനിയായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (ഐഎസ്ഡിസി) പരിപാടിയുടെ ഏകോപനം നടത്തിയത്. ഇന്ത്യയില്‍ ബ്രിട്ടിഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഎസ്ഡിസി. ഐഎസ്ഡിസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ടോം ജോസഫ്, ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ജോണ്‍ സേവ്യര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

എറണാകുളത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു. എറണാകുളം ജില്ലാ ഭരണകൂടം, ഐഎംഎ കൊച്ചി എന്നിവയുടെ സഹകരണത്തോടെയും മുത്തൂറ്റ് ഫിനാന്‍സിന്റെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.

ഫോട്ടോ ക്യാപ്ഷന്‍- ഹൈബി ഈഡന്‍ എംപി യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കുന്നു.

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *