കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്; കോട്ടയം ജില്ലയിൽ 1347 പരാതികളിൽ തീർപ്പ്

Spread the love

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി കോട്ടയം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ പരിഹരിച്ചത് 1347 പരാതികൾ. താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്ക്കു വന്ന പരാതികളിൽ അവശേഷിച്ചവയിൽ തീർപ്പുകൽപ്പിക്കുന്നതിനായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല ജില്ലാതല അദാലത്ത് യോഗത്തിൽ മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്തു.മേയ് 2,4,6,9,20 തിയതികളിലാണ് ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചിൽ താലൂക്കുകളിലായി കരുതലും കൈത്താങ്ങും അദാലത്തുകൾ സംഘടിപ്പിച്ചത്. ഈ അദാലത്തുകളിൽ ആകെ 2564 പരാതികളാണ് ലഭിച്ചത്. ഇതിൽ 658 പരാതികൾ അദാലത്തിലെ വിഷയമല്ലാത്തതിനാൽ നിരസിച്ചു. 573 എണ്ണം പരിഹാരം സാധ്യമല്ലാത്തതാണ്. ശേഷിച്ച 1303 പരാതികൾ ഇന്നലത്തെ ഉദ്യോഗസ്ഥ തല യോഗത്തിനു മുൻപ് പരിഹരിക്കാനായി. 14 പുതിയ പരാതികളിലും തീർപ്പുണ്ടായി.അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന പരാതികളിൽ അടിയന്തരനടപടിയെടുക്കാൻ മന്ത്രിമാർ അദാലത്തിൽ ആവശ്യപ്പെട്ടു. കാലിവളർത്തൽ ഫാമിലെ മാലിന്യപ്രശ്‌നം, സ്‌കോളർഷിപ്പ്, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ധനസഹായം, തോട്ടിലെ നീരൊഴുക്ക് തടയുന്നത്, നടപ്പുവഴി, കെട്ടിടനമ്പർ ലഭിക്കാത്തത്, വീടുവയ്ക്കുന്നതിനായി നിലംനികത്താൻ അനുമതി, സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവ് തുടങ്ങിയ പരാതികളാണ് കഴിഞ്ഞ ദിവസം അദാലത്തിൽ മന്ത്രിമാർക്കു മുന്നിലെത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *