ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

Spread the love

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍.

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണം. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെ കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ

ഭാഗമായി ‘ഹോമിയോപ്പതി എവിഡന്‍സ് ബേസ്ഡ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് & ട്രെയിനിങ്’ (HEART) പദ്ധതി നടപ്പിലാക്കി വരുന്നു. ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചുമായി കരാറില്‍ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി. ആയുഷ് ഹോമിയോപ്പതി വകുപ്പ് 50ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍, ഹോമിയോപ്പതി നാഷണല്‍ എക്‌സ്‌പോ, അന്താരാഷ്ട്ര സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും എകാരോഗ്യ സങ്കല്പത്തില്‍ അധിഷ്ഠിതമായ ബോധവത്ക്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകള്‍ക്ക് ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കുകയും, ആരോഗ്യ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ കൊണ്ട് ലക്ഷ്യമിടുന്നത് .

1958ല്‍ തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഹോമിയോപ്പതി ചികിത്സാ കേന്ദ്രത്തിന് ആരംഭം കുറിച്ചത്. 1973 ലാണ് ഹോമിയോപ്പതി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടത്. ഹോമിയോപ്പതി വകുപ്പിന്റെ രൂപീകരണ സമയത്ത് 4 ഹോമിയോ ആശുപത്രികളും 64 ഡിസ്‌പെന്‍സറികളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ഹോമിയോപ്പതി വകുപ്പ് 50ന്റെ നിറവില്‍ നില്‍കുമ്പോള്‍ 34 ഹോമിയോ ആശുപത്രികളും 669 ഡിസ്‌പെന്‍സറികളും 14 ജില്ലാ മെഡിക്കല്‍ ഓഫീസുകളും ഈ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3198 തസ്തികകള്‍ ഈ വകുപ്പില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നാഷണല്‍ ആയുഷ് മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേനയും ഹോമിയോ ഡിസ്‌പെന്‍സറികളും, ഹോമിയോപ്പതി വകുപ്പില്‍ അധിക മാനവശേഷിയും, നിരവധി പദ്ധതികളും നടത്തി വരുന്നു.

കോവിഡ് മഹാമാരിയുടെ കാലയളവില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുവാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതിക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ വിതരണം ‘കരുതലോടെ മുന്നോട്ട്’ പദ്ധതി നടപ്പിലാക്കി.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി, നാച്യുറോപ്പതി, യോഗ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ‘ആയുഷ്മാന്‍ ഭവ’, സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ‘സീതാലയം’, വന്ധ്യതാ നിവാരണ പദ്ധതിയായ ‘ജനനി’, കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യപരിപാലനം, പെരുമാറ്റ വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ‘സദ്ഗമയ’, ലഹരി വിമുക്ത ചികിത്സാ പദ്ധതിയായ ‘പുനര്‍ജനി’, ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, കുട്ടനാട്, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഫ്‌ളോട്ടിങ് ഡിസ്‌പെന്‍സറി, ഇടുക്കി, വയനാട് ജില്ലകളിലെ ദുര്‍ഘട മേഖലകളില്‍ അധിവസിക്കുന്നവര്‍ക്കായി മൊബൈല്‍ ഹോമിയോ ക്ലിനിക്കുകള്‍ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ വകുപ്പ് നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങങ്ങില്‍ സിസിആര്‍എച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. സുഭാഷ് കൗഷിക്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഹോമിയോ മെഡിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. എ.എസ്. ഷീല, ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.പി. ബീന, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്‍. സജി, ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *