ഏക സിവില്‍ കോഡിനെതിരെ യു.ഡി.എഫ് ബഹുസ്വരതാ സംഗമം; അഴിമതി സര്‍ക്കാരിനെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം

Spread the love

യു.ഡി.എഫ് ഏകോപന സമതി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവും മുന്നണി കണ്‍വീനറും കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

ബി.ജെ.പിയുടെ ബി ടീമായ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു പ്രക്ഷോഭത്തിനും യു.ഡി.എഫില്ല.

തിരുവനന്തപുരം : ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ യു.ഡി.എഫ് ഏകോപന സമിതി വിലിയിരുത്തി. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനത്തില്‍ ശക്തിയായി എതിര്‍പ്പ് രേഖപ്പെടുത്താന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചു. മണിപ്പൂരില്‍

കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തതിലും അവിടെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ ഇതെല്ലാം മനഃപൂര്‍വം ഉണ്ടാക്കുന്നതാണ്. ആ കെണിയില്‍ വീഴാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ജൂലൈ 29-ന് തിരുവനന്തപുരത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. ബഹുസ്വരതാ സംഗമത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കും. അപകടകരമായ നീക്കത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം. ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും യു.ഡി.എഫ് തടയും.

സര്‍ക്കാരിനെതിരായ യു.ഡി.എഫ് ഉന്നയിച്ച ഗുരുതര അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. 150 ദിവസമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയുമില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ്. കാലവര്‍ഷക്കെടുതി

ഉണ്ടായപ്പോഴും സര്‍ക്കാര്‍ നോക്കി നിന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ പണം പോലും നല്‍കിയില്ല. പനിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പനിക്കണക്ക് പുറത്ത് വിടരുതെന്ന തീരുമാനം മാത്രമാണ് സര്‍ക്കാരെടുത്തത്. കാര്‍ഷിക മേഖലയിലും ഗുരുതര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ആയിരം കോടി രൂപയാണ് നെല്‍ കര്‍ഷര്‍ക്ക് നല്‍കാനുള്ളത്. നാളീകേരം, റബ്ബര്‍ ഉള്‍പ്പെടെയുള്ള മേഖലകളും വന്‍ പ്രതിസന്ധിയിലാണ്. നായ്ക്കള്‍ കുട്ടികളുടെ ചുണ്ട് വരെ കടിച്ചു കീറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പുമായി ഉന്നത വിദ്യാഭ്യാസ രംഗവും ദയനീയമായി തകര്‍ന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് പ്രവേശനം കിട്ടുന്നില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷനും. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇല്ലാതാകുകയാണ്. റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഇതിലെല്ലാം പ്രതിഷേധിച്ച് റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം ചെയ്യാനാണ് യു.ഡി.എഫ് തീരുമാനം.

റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഭാഗമായി സെപ്തംബര്‍ നാല് മുതല്‍ 11 വരെ എല്ലാ പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കും അഴിമതിക്കും മാധ്യമ വേട്ടയ്ക്കും എതിരെ കാല്‍നട പ്രചരണ ജാഥ ഉള്‍പ്പെടെയുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള പത്ത് വോളന്റിയര്‍മാര്‍ പ്രചരണ യോഗം കഴിഞ്ഞതിന് ശേഷം 12 ന് തിരുവനന്തപുരത്തെത്തും. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പന്ത്രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യും. വോളന്റിയര്‍മാര്‍ക്കൊപ്പം മറ്റു പ്രവര്‍ത്തകര്‍ കൂടി അണിചേര്‍ന്ന് 25000 പേര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കും. സര്‍ക്കാരിനെതിരായ ശക്തമായ പ്രക്ഷോഭമായിരിക്കുമിത്.

രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിചിത്രമായ വിധിയിലുള്ള പ്രതിഷേധവും യു.ഡി.എഫ് യോഗം രേഖപ്പെടുത്തി. മാധ്യമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാണ് ഈ പി.വി അന്‍വര്‍? സമൂഹമാധ്യമങ്ങളിലൂടെ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്‍കി പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വറിന് ആരാണ് അവകാശം നല്‍കിയിരിക്കുന്നത്? കേരളത്തിലെ പൊലീസും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്? സി.പി.എം എം.എല്‍.എ നല്‍കുന്ന ചെസ്റ്റ് നമ്പറിന് പിന്നാലെ പൊലീസ് പോകുകയാണ്. അന്‍വറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? സി.പി.എം അറിഞ്ഞുകൊണ്ടാണോ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അന്‍വര്‍ വെല്ലുവിളി മുഴക്കുന്നത്? വേണ്ടി വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടായിസം കാട്ടുമെന്നാണ് പറയുന്നത്. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാര്‍ത്ത എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എ പരസ്യമായി പറയുകയാണ്. ഇതിന് ധൈര്യം നല്‍കിയത് സര്‍ക്കാരും സി.പി.എമ്മുമാണോ? ഇക്കാര്യം മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം. അന്‍വര്‍ പറയുന്നതനുസരിച്ചാണ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നതും റെയ്ഡുകള്‍ നടത്തുന്നതും. ഒരു എം.എല്‍.എയുടെ പേസ്ബുക്കില്‍ ഒരു പോസ്റ്റ് വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങും. മൂന്നു തലമുറകളെയാണ് ആക്രമിക്കുന്നത്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തില്‍ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെയും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്റെയും ശ്രമത്തെ തുറന്നു കാട്ടി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ ലീഗിനെയും സമസ്തയെയും ക്ഷണിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാല്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കും. എല്ലാവരും ഒന്നിച്ച് നിന്ന് ഭിന്നിപ്പിനെതിരായ നീക്കത്തെ എതിര്‍ക്കണം. ലീഗിനെ സെമിനാറില്‍ പങ്കെടുപ്പിച്ച് യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാമെന്നും സി.പി.എം സമസ്തയെ പങ്കെടുപ്പിച്ച് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെയും കൂടെക്കൂട്ടാമെന്നാണ് സി.പി.എം കരുതിയത്. ഇങ്ങനെയൊരു ചൂണ്ടിയിട്ടാല്‍ ലീഗ് അതില്‍ കൊത്തുമെന്ന തെറ്റിദ്ധാരണ സി.പി.എം നേതാക്കള്‍ക്കുണ്ടായി. എന്നിട്ടിപ്പോള്‍ രണ്ടിലും കൈപൊള്ളി വഷളായ അവസ്ഥയിലാണ് സി.പി.എം നില്‍ക്കുന്നത്.

ഏക സിവില്‍ കോഡിനെതിരെ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു പ്രക്ഷോഭത്തിനും യു.ഡി.എഫില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരിഅത്ത് നിയമം പാടില്ലെന്നതും ഇ.എം.എസിന്റെ മാത്രം അഭിപ്രായമായിരുന്നില്ല. അത് സി.പി.എമ്മിന്റെ കൂടി അഭിപ്രായമായിരുന്നു. ആ തീസിസിനെതിരെയാണ് എം.വി രാഘവന്റെ നേതൃത്വത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ചത്. സി.എം.പി ഉണ്ടായതു തന്നെ ആ ഒരു വിഷയത്തിന്റെ പേരിലാണ്. അന്ന് സി.എം.പി സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ന് സി.പി.എം നില്‍ക്കുന്നത്. എം.വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖ സ്വീകരിക്കുകയോ മുന്‍കാല നയം തിരുത്തുകയോ ചെയ്യാതെയാണ് സി.പി.എം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇ.എം.എസും ഇ.കെ നായനാരും സി.പി.എം നേതാക്കളുമൊക്കെ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് പറഞ്ഞതൊക്ക ഇപ്പോഴും ദേശാഭിമാനിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. സി.പി.എമ്മിന് ഒരു ആത്മാര്‍ത്ഥതയുമില്ല. കുളം കലക്കി എന്തെങ്കിലും കിട്ടുമോയെന്ന പരുന്തിന്റെ ചിന്തയുമായാണ് സി.പി.എം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അങ്ങനെയുള്ളവരെ ഞങ്ങള്‍ എങ്ങനെ ഒപ്പം കൂട്ടും? സി.പി.എമ്മിനെ ക്ഷണിക്കാതെ എല്‍.ഡി.എഫിലെ മറ്റു ഘടകക്ഷികളെ ക്ഷണിക്കുന്നതില്‍ ഒരു അനൗചിത്യമുണ്ട്.

ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരഅത്ത് നിയമം പാടില്ലെന്നുമുള്ള വ്യക്തമായ നിലപാട് കേരളത്തിലെ സി.പി.എമ്മിനുണ്ട്. ആ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയോയെന്നും ഇ.എം.എസിനെയും നായനാരെയും തള്ളിക്കളഞ്ഞോയെന്നുമാണ് സി.പി.എം ഇപ്പോള്‍ വ്യക്തമാക്കേണ്ടത്. ഇ.എം.എസിന്റെ കാലത്തെ നയരേഖ ഇപ്പോള്‍ ഏത് ഘടകത്തില്‍ വച്ചാണ് സി.പി.എം തള്ളിക്കളഞ്ഞത്? മുന്‍കാല തീരുമാനം തെറ്റാണെന്ന് പറയാനുള്ള ധൈര്യമെങ്കിലും സി.പി.എം കാണിക്കണം. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഒരു കാലത്തും പറഞ്ഞിട്ടില്ല. ഏക സിവില്‍ കോഡിന് എതിരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത എം.വി ഗോവിന്ദന് മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പിഎം ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തതും കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാത്തതും. ബി.ജെ.പിയുമായി കേസുകള്‍ ഒത്തുതീര്‍പ്പുന്ന കേരളത്തിലെ സി.പി.എമ്മുമായി കോണ്‍ഗ്രസിനും യു.ഡി.എഫിനും സഹകരിക്കാനാകില്ല. ദേശീയ തലത്തിലെ സി.പി.എമ്മല്ല കേരളത്തിലേത്.

എം.എല്‍.എമാരുടെയും എം.പിമാരുടെയും ജാതിക്കണക്ക് പറഞ്ഞ് നടക്കുന്നത് ഒരു പാര്‍ട്ടി എത്രമാത്രം തകര്‍ന്നു എന്നതിനുള്ള തെളിവാണ്. നവേത്ഥാന മതിലുണ്ടാക്കി പുരോഗമനമെന്ന് പറയുന്ന പാര്‍ട്ടിയാണ് ഇതൊക്കെ പറയുന്നത്. ശബരിമല കഴിഞ്ഞപ്പോള്‍ വീടുകളില്‍ കയറിയിറങ്ങി മാപ്പ് ചോദിച്ചു.

സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ട്. മതസംഘടനകള്‍ പോകരുതെന്ന് പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് ഒരു ഉലച്ചിലും തട്ടാത്ത രീതിയിലാണ് സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് സമസ്ത നേതാവ് ജിഫ്രിക്കോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *