പാരിസ് ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഫെഡറല്‍ ബാങ്ക്

Spread the love

ആരോഗ്യ കോണ്‍ക്ലേവും ടോക്ക് ഷോകളും സംഘടിപ്പിക്കുന്നു
കൊച്ചി: അടുത്ത വര്‍ഷം പാരിസില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ്, പാരാലിമ്പിക്സ് കായിക മാമാങ്കങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ശാരീരിക, മാനസികാരോഗ്യ കോണ്‍ക്ലേവും ടോക്ക് ഷോകളുമായി ഫെഡറല്‍ ബാങ്ക്. റെവ്സ്പോര്‍ട്സുമായി കൈകോര്‍ത്താണ് ഈ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. കായിക താരങ്ങളുടെ ശാരീരകവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 15 പ്രതിവാര ടോക്ക് ഷോകള്‍ ഫെഡറല്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്യും.

ഇതുമായി ബന്ധപ്പെട്ട ആദ്യ ഷോയില്‍ കായിക രംഗത്തെ മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം എന്ന വിഷയത്തെ അധികരിച്ച് പാരാലിമ്പിക് ബാഡ്മിന്‍റണ്‍ താരം മാനസി ജോഷിയും പ്രമുഖ സ്പോര്‍ട്സ് കമന്‍റേറ്ററും എഴുത്തുകാരിയുമായ ബോറിയ മജുംദാറും സംവദിച്ചു. ഭവിന പട്ടേല്‍, എക്ത ഭ്യാന്‍, പാലക് കോഹ്ലി, ദീപ മാലിക് തുടങ്ങി നിരവധി അത്‌ലറ്റുകളും കായിക താരങ്ങളും തുടര്‍ന്നുള്ള ടോക്ക് ഷോകകളില്‍ അണി നിരക്കും.

അന്താരാഷ്ട്ര കായിക മത്സര രംഗത്ത് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധവല്‍ക്കരിക്കാനും അവയെ അതിജീവിച്ച് വിജയത്തിനായി തയാറെടുക്കാന്‍ അവരെ സഹായിക്കുന്നതിനുമാണ് റെവ്സ്പോര്‍ടുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ഈ സംരഭം അവതരിപ്പിക്കുന്നത്.

പാരാലിമ്പിക്സ്, ഒളിമ്പിക്സ് പോലുള്ള ദേശീയ അംഗീകാരമുള്ള കായിക ഇനങ്ങളെ ആഘോഷമാക്കാന്‍ ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. കായിക താരങ്ങള്‍ നേരിടുന്ന വെല്ലുവിളികളെയും അവരുടെ വിജയകഥകളേയും രേഖപ്പെടുത്തുക എന്നത് ഇന്ത്യന്‍ കായിക മേഖലയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും വളരെ പ്രധാനമാണ്. ശാരീരിക, മാനസികാരോഗ്യ കോണ്‍ക്ലേവും ടോക്ക് ഷോകളും സംഘടിപ്പിക്കുന്നതിലൂടെ പുതിയ കായിക താരങ്ങള്‍ക്ക് വിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും മൂല്യമേറിയ ഉള്‍ക്കാഴ്ച നേടാനും വേദി ഒരുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്, ഫെഡറല്‍ ബാങ്ക് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഒഫീസര്‍ അജിത് കുമാര്‍ കെ കെ പറഞ്ഞു.

പൊതു രംഗത്ത് വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ഈ ടോക്ക് ഷോകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും അതുവഴി നമ്മുടെ കായിക താരങ്ങളെ കൂടുതല്‍ അറിയാനും ആഘോഷിക്കാനും കഴിയുമെന്നും റെവ്സ്പോര്‍ട്സ് സ്ഥാപക ബോറിയ മജുംദാര്‍ പറഞ്ഞു. ഇവരുടെ വിവരണങ്ങള്‍ നമ്മെ തുല്യതയില്‍ വിശ്വസിക്കുന്ന മികച്ചൊരു സമൂഹമാകാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *